പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം. അമേരിക്കയിലെ ലാസ് വേഗസിലുള്ള മെഡിക്കൽ അധികൃതർ റിപ്പോർട്ട് പുറത്തുവിട്ടു. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ വാഹന നിർമ്മാതാക്കൾ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിക്കായി എത്തിയതായിരുന്നു അദ്ദേഹം. മുറിയിൽ നിന്ന് ലഹരിമരുന്നിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയിരുന്നു. യുഎഇ ഗോൾഡൻ വീസ ഉടമയായ അനുനയ് ഏറെക്കാലമായി ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ദശലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ആയിരുന്നു അനുനയ്. രാഹുൽ സൂദ് കുത്തിയലത്തിന്റെയും റിതുവിന്റെയും മകനായ അനുനയിന്റെ മൃതദേഹം കഴിഞ്ഞ മാസം തന്നെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. നവംബർ ആറിനാണ് കുടുംബാംഗങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചിരുന്നത്.

