Site iconSite icon Janayugom Online

ഇന്ത്യൻ യുവതി കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയാളി യുവതിയുടെ പങ്കാളിയെന്ന് സംശയം

കാനഡയില്‍ ഇന്ത്യൻ വംശജയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൊറന്റോ സ്വദേശിയായ ഹിമാൻഷി ഖുറാന (30) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാൻഷിയുടെ പങ്കാളിയെന്ന് സംശയിക്കുന്നയാൾക്കെതിരെ പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഡിസംബർ 19 വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഹിമാൻഷിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സ്ട്രാചൻ അവന്യൂ, വെല്ലിങ്ടൺ സ്ട്രീറ്റ് വെസ്റ്റ് മേഖലകളിൽ പൊലീസ് രാത്രി മുഴുവൻ തെരച്ചിൽ നടത്തി. എന്നാൽ ശനിയാഴ്ച പുലർച്ചെ ആറരയോടെ വീടിനുള്ളിൽ ഹിമാൻഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കി കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വരെ ഇയാൾക്ക് ലഭിച്ചേക്കാം. കൊല്ലപ്പെട്ട ഹിമാൻഷി ഖുറാന ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ക്രിയേറ്ററാണെന്നാണ് ലഭിക്കുന്ന വിവരം.
ഹിമാൻഷിയുടെ മരണം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. ഹിമാൻഷിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. 

Exit mobile version