Site iconSite icon Janayugom Online

കരുത്തുകാട്ടി ഇന്ത്യന്‍ പെണ്‍പട

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ദിനത്തില്‍ 400 കടന്ന് ഇന്ത്യ. ആദ്യ ഇന്നിങ്സില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന നിലയിലാണ്. ഇ­ന്ത്യൻ വനിതാ ടീം ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം എടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ദീപ്തി ശര്‍മ്മ (60), പൂജ വസ്ത്രാക്കര്‍ (4) എന്നിവരാണ് ക്രീസില്‍. നാല് പേരാണ് ഇതിനോടകം അര്‍ധസെഞ്ചുറി നേടിയത്. ആദ്യ ദിനം സ്റ്റംപെടുക്കുന്നതിന് മുമ്പേ ബാറ്റിങ്ങിനിറങ്ങിയതില്‍ പൂജയൊഴികെയെല്ലാവരും രണ്ടക്കം കണ്ടു.
47 റണ്‍സിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായി. സ്മൃതി മന്ദാന (17), ഷഫാലി വര്‍മ്മ (19) എന്നിവരാണ് പുറത്തായത്. എന്നാല്‍ പിന്നീടൊന്നിച്ച ശുഭ സതീഷ്-ജെമീമ റോഡ്രിഗസ് സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 69 റണ്‍സുമായി ശുഭ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ ജെമീമയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പിന്നീടെത്തിയത് വിക്കറ്റ് കീപ്പര്‍ യഷ്ടിക. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം ക്യാപ്റ്റനൊപ്പം 116 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. താരത്തിന്റെ അശ്രദ്ധയാണ് താരത്തെ കുഴിയില്‍ ചാടിപ്പിച്ചത്. വൈകാതെ യഷ്ടികയും പുറത്തായി. 88 പന്തില്‍ ഒരു സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യഷ്ടികയുടെ ഇന്നിങ്‌സ്. ദീപ്തി — സ്നേഹ് റാണ (30) സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റാണയെ സ്‌കിവര്‍ ബ്രണ്ട് ബൗള്‍ഡാക്കി.

Eng­lish Sum­ma­ry; Indi­an women showed their strength
You may also like this video

Exit mobile version