ഇന്ത്യക്കാര്‍ അമിതമായി ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കോവിഡ് കാലത്തും അതിന് മുന്‍പും ആന്റിബയോട്ടിക്‌സില്‍ അസിത്രോമൈസിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പല മരുന്നുകളും മരുന്ന് നിയന്ത്രണ അതോറിറ്റികളുടെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യമെന്നും പഠനം വിലയിരുത്തുന്നുണ്ട്.
ന്യൂഡൽഹിയിലെ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നായിരുന്നു ഗവേഷണം. 2019ല്‍ 500 കോടി ആന്റിബയോട്ടിക്ക് ഗുളികകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചതെന്ന് കണക്കുകള്‍ പറയുന്നു. ഏറ്റവുമധികം ഉപയോഗിക്കുന്നത് അസിത്രോമൈസിന്‍ ആണ്. 12.6 ശതമാനം. സെഫിക്‌സിമാണ് തൊട്ടുപിന്നില്‍. 10.2 ശതമാനം. അസിത്രോമൈസിന്‍ 500 മില്ലിഗ്രാം ഗുളികയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയന്ത്രണ അധികാരങ്ങളിലെ തർക്കം രാജ്യത്ത് ആൻറിബയോട്ടിക്കുകളുടെ ലഭ്യത, വില്പന, ഉപഭോഗം എന്നിവയെ സങ്കീർണമാക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് എസ്. ഹാഫി പറഞ്ഞു.
അജ്ഞാത ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ ശ്രദ്ധാപൂർവം ഉപയോഗിക്കേണ്ടതുണ്ട്. ഒരു രോഗിയുടെ ജീവൻ അപകടത്തിലാകുകയും ബാക്ടീരിയകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ അത്തരം മരുന്ന് ഉപയോഗിക്കാവൂ. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളുടെ മൊത്തം ഡോസിന്റെ 44 ശതമാനം അംഗീകൃതമല്ലാത്ത മരുന്നുകളാണെന്നും റിപ്പോർട്ടിലുണ്ട്.
പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് പകരം വലിയ തോതില്‍ ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ആന്റിബയോട്ടിക്‌സ് അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഭാവിയില്‍ ഇതിന്റെ ഫലം കുറയാന്‍ ഇടയാക്കിയേക്കാം. ഇത് വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
English Summary: Indians Take Antibiotics Unnecessarily: Reportedly, Indians are consuming even unapproved drugs
You may like this video also