Site icon Janayugom Online

ഐഎഎൻഎസിന്റെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കി അഡാനി

വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി അഡാനി ഗ്രൂപ്പ്. റെഗുലേറ്ററി ഫയലിങ്ങിലിലാണ് ഈ വിവരം പുറത്തുവന്നത്. അഡാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്(എഎംഎന്‍എല്‍) ആണ് ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 50.50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്. എത്ര തുകയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അഡാനി ഗ്രൂപ്പ് മാധ്യമരംഗത്തേക്ക് തിരിഞ്ഞത്. ബിസിനസ്, ഫിനാൻഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റിലോണ്‍ ബിസിനസ് മീഡിയയെ ആയിരുന്നു ആദ്യം ഏറ്റെടുത്തത്. പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ എൻഡിടിവിയുടെ 65 ശതമാനം ഓഹരിയും സ്വന്തമാക്കി.

ഐഎഎൻഎസ് ഓഹരി ഉടമയായ സന്ദീബ് ബംസായിയുമായി എഎംഎംഎല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇനിമുതല്‍ ഐഎഎൻഎസ് മാനേജ്‌മെന്റ് നിയന്ത്രണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതല എഎംഎൻഎല്ലിന് ആയിരിക്കും. ഏജന്‍സികളുടെ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം എഎംഎന്‍എല്ലിനായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്റെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു.

Eng­lish Sum­ma­ry: Indi­a’s Adani group to acquire con­trol­ling stake news agency IANS
You may also like this video

Exit mobile version