Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നു: വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം

ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ‑ആശയ പ്ലാറ്റ്ഫോമായ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി) ഉച്ചകോടിയുടെ ഭാഗമായാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നത്.
പ്രാദേശിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാരത്തിനാവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്താനും സജ്ജീകരണങ്ങളുള്ള ‘ഇന്നൊവേഷന്‍ ട്രെയിനില്‍’ സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകര്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ യാത്ര ചെയ്യും. 21ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ‘ഇന്നൊവേഷന്‍ ട്രെയിന്‍’ 22 ന് കാസര്‍കോട് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും.
‘ഇന്നൊവേഷന്‍ ട്രെയിന്‍’ ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണായി പ്രവര്‍ത്തിക്കും. പ്രോബ്ലം സ്റ്റേറ്റ്മെന്റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിങ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്റര്‍ ഇന്ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍ എന്നിവ ഐഡിയേഷന്‍ സോണിന്റെ ഭാഗമാണ്. ഉപജീവനമാര്‍ഗങ്ങള്‍, പൊതു സേവനങ്ങള്‍, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കല്‍, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങള്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിതിലൂടെ അവസരം ലഭിക്കും.
പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകര്‍ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 550ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000ത്തിലധികം അധ്യാപകരും 10,000ത്തിലധികം വിദ്യാര്‍ത്ഥികളും ഇതിന്റെ ഭാഗമാകും. കെഎസ്‌യുഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐഇഡിസി സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, നവോത്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.

Exit mobile version