Site iconSite icon Janayugom Online

മല്ലപ്പള്ളിയിൽ സൂചന ബോർഡുകൾ നിലംപൊത്തി; വാഹനങ്ങളുടെ അനിയന്ത്രിത യാത്ര അപകട ഭീഷണി

rOADrOAD

തിരുവല്ല — മല്ലപ്പള്ളി റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയായതോടെ വാഹനങ്ങളും യാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യസംഭവമായി. മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലേക്ക് എത്തുന്ന വാഹന യാത്രികരും കാൽനട യാത്രക്കാരും ആണ് ഇത് മൂലം ഏറെ അപകടഭീഷണി നേരിടുന്നത്. സൂചന ബോർഡുകൾ ഇല്ലാത്തത് ദീർഘദൂര യാത്രക്കാർക്ക് ഏറെ വെല്ലുവിളി ആണ് ഉയർത്തുന്നത്. 

മല്ലപ്പള്ളി ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ തകർന്നതിനാൽ ഇത്തരം വാഹനങ്ങൾ തിരക്കുള്ള സമയങ്ങളിൽ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപത്തു കൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വളവും വീതികുറവും കുത്തനെയുള്ള ഇറക്കവുമായതിനാൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഭാരവാഹനങ്ങൾ പോകുന്നത് വിലക്കിയിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ ടിപ്പർ ലോറികളും ഭാരം കയറ്റി എത്തുന്ന ലോറികളും നേരെ സെൻട്രൽ ജംഗ്ഷനിലേക്ക് എത്തുന്നത് സ്ഥിരമായിട്ടുണ്ട്. 

ടൗണിലേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർതാണ് കാരണം. മുന്നറിയിപ്പ് ബോർഡില്ലാത്തതിനാൽ മറ്റിടങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂടി ടൗണിലേക്ക് വരുന്നത്. നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ കൂടി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതും അപകട ഭീഷണിയാണ്. ഇതുമൂലം വൺവേ സംവിധാനം 100 മീറ്റർ ദൂരത്തിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും തിരുവല്ല റോഡിൽ കൂടി പ്രവേശിച്ച് സെൻട്രൽ ജംഗ്ഷനിൽ എത്തുന്നതും, ആനിക്കാട് റോഡിൽ നിന്നു കോഴഞ്ചേരി തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി സെൻട്രൽ ജംഗ്ഷനിലൂടെ തിരിയുന്നതുമാണ് ടൗണിലെ വൺവേ സംവിധാനം. സെൻട്രൽ ജംഗ്ഷനിൽ നിന്നും തിരുവല്ല റോഡിലേക്ക് വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോ ഹോംഗാർഡുകളോ ഇല്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നുണ്ട്. 

Exit mobile version