കാലം 1987. കേരളത്തിൽ കെ കരുണാകരൻ മുഖമന്ത്രിയും രാജീവ് ഗാന്ധി പ്രധാന മന്ത്രിയുമായ കോൺഗ്രസിന്റെ പ്രതാപ കാലം. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലം മുഴങ്ങിയപ്പോൾ തുടർഭരണം പിടിക്കാനുള്ള തത്രപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. ഒടുവിൽ തിരുവിതാംകൂറിലും മലബാറിലും സ്വാധീനമുള്ള ഒരു സൂപ്പർ താരത്തെ സ്ഥാനാർത്ഥിയാക്കി പ്രചാരണം കൊഴുപ്പിക്കാൻ കെ കരുണാകരനും കെപിസിസി പ്രസിഡന്റ് സി വി പത്മരാജനും ഉള്‍പ്പെടെയുള്ള നേതാക്കൾ തീരുമാനിച്ചു. അവർ എത്തി ചേർന്നാവട്ടെ മലയാളത്തിലെ അന്നത്തെ സൂപ്പർ താരം പ്രേംനസീറിലേക്കും. 1980കളുടെ തുടക്കത്തിലേ നസീറിനെ രാഷ്ട്രീയത്തിലിറക്കുവാൻ കോൺഗ്രസ് നീക്കം നടത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിളിച്ചിട്ടു പോലും നസീർ മനസു തുറന്നില്ല.
എന്നാൽ 1987 ൽ നസീറിനെ മെരുക്കാൻ കരുണാകരൻ രംഗത്തിറക്കിയതാവട്ടെ സാക്ഷാൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും. ജന്മനാടായ ചിറയിന്‍കീഴ് അടക്കം ഏത് ഉറച്ച സീറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തെരെഞ്ഞെടുപ്പ് ചെലവ് മുഴുവൻ വഹിക്കാമെന്നുമുള്ള വാഗ്ദാനവും കോൺഗ്രസ് നൽകി. എന്നാൽ ആരോമല്‍ ചേകവരും തച്ചോളി ഒതേനനുമൊക്കെയായി വെള്ളിത്തിരയില്‍ അങ്കം വെട്ടി തിളങ്ങിയ നസീര്‍, അതിലും വലിയ മേയ്‌വഴക്കത്തോടെ കോൺഗ്രസ് രാഷ്ട്രീയത്തോട് മുഖം തിരിച്ചു. ഒടുവിൽ രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കണ്ണോത്ത് കരുണാകരന്‍ പൂഴിക്കടകൻ തന്നെ പയറ്റി. തൊട്ടടുത്ത ദിവസം നസീറിന്റെ ചെന്നൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. എന്നാൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. നസീറിന്റെ നാലു പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. എന്നാൽ ചില നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് നസീറിന്റെ മനസ് മാറി . മത്സരിക്കാനില്ല, വേണമെങ്കില്‍ പ്രചരണത്തിന് ഇറങ്ങാമെന്ന് നേതാക്കളെ അറിയിച്ചു. അതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി നസീർ മാറി.
മോഹൻലാൽ നായകനായ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വച്ചാണ് 11 ദിവസത്തേക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഐക്യ മുന്നണി പ്രചാരണത്തിന് പ്രേംനസീർ ഇറങ്ങിയത്. ആരോഗ്യം അത്ര മെച്ചമല്ലാതിരുന്നിട്ടും വിശ്രമമില്ലാതെ കേരളത്തില്‍ മുഴുവന്‍ നസീർ ഓടിനടന്ന് പ്രസംഗിച്ചു. അതോടെ ഭക്ഷണത്തിന്റെയും മരുന്നിന്റെയും ക്രമമൊക്കെ തെറ്റി. സത്യത്തില്‍ അന്ന് അതിനൊന്നും പറ്റുന്നതായിരുന്നില്ല നസീറിന്റെ ശാരീരികാവസ്ഥയെന്ന് മകൻ ഷാനവാസ് പിന്നീട് എഴുതി. ഒരു ദിവസം 42 വേദികളിൽ വരെ അദ്ദേഹം പ്രസംഗിച്ചു. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നസീർ ഉള്‍പ്പെടെയുള്ളവർ ഞെട്ടി തരിച്ചുപ്പോയി.
കരുണാകരൻ ഭരണത്തിൽ കേരളത്തിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന കാലമായിരുന്നു അത്. തങ്കമണിയിൽ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണം, തൊഴില്‍മന്ത്രി കടവൂര്‍ ശിവദാസന്‍ നടത്തിയ അനധികൃത നിയമനങ്ങള്‍, എം പി ഗംഗാധരന്റെ പൈപ്പ് കുംഭകോണം, ഭക്ഷ്യമന്ത്രി യു എ ബീരാന്റെ അരികുംഭകോണം, സ്വകാര്യ വിദ്യാഭ്യാസമേഖലയ്ക്ക് കോളേജുകളും പോളിടെക്നിക്കുകളും അനുവദിക്കാന്‍ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് എടുത്ത തീരുമാനം, ഗതാഗതമന്ത്രി പി കെ വേലായുധനെതിരായ ബസ് ചേസിസ് അഴിമതി തുടങ്ങി യുഡിഎഫ് സര്‍ക്കാര്‍ അകെ കറപുരണ്ടു തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥ.
1987 മാര്‍ച്ച് 23നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. കോട്ടയം, വാമനപുരം മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികൾ മരിച്ചതിനെത്തുടര്‍ന്ന് 138 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് അതിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് 1987ലെ തെരഞ്ഞെടുപ്പില്‍ നടത്തിയത്. സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രചാരണത്തിന് പിന്തുണ നല്‍കി. അതിശക്തമായ പ്രചാരണമാണ് ഇരു മുന്നണികളും നടത്തിയത്. പ്രധാനമന്ത്രി രാജീവ്ഗാന്ധി കേരളത്തില്‍ ഒട്ടേറെ കേന്ദ്രങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകി.
എന്നാൽ ഫലം വന്നപ്പോൾ 78 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തി. സിപിഐ എം–38, സിപിഐ എം സ്വതന്ത്രര്‍–4, സിപിഐ–16, കോണ്‍ഗ്രസ് എസ്–6, ജനത പാര്‍ടി–7, ആർ എസ് പി–5, ലോക്ദള്‍–1.
യുഡിഎഫിന് 61 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഐ–33, മുസ്ലിം ലീഗ്–15, കേരള കോണ്‍ഗ്രസ് ജെ–5, കേരള കോണ്‍ഗ്രസ് എം–4, എന്‍ഡിപി (പി)–1, സ്വതന്ത്രര്‍–2 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മാര്‍ച്ച് 26ന് അധികാരമേറ്റു. ഇ ചന്ദ്രശേഖരന്‍നായര്‍, വി വി രാഘവന്‍, പി എസ് ശ്രീനിവാസന്‍, പി കെ രാഘവന്‍, ടി കെ രാമകൃഷ്ണന്‍, കെ ആര്‍ ഗൗരിയമ്മ, വി വിശ്വനാഥമേനോന്‍, ടി ശിവദാസമേനോന്‍, വി ജെ തങ്കപ്പന്‍, ടി കെ ഹംസ, ബേബിജോണ്‍, കെ ചന്ദ്രശേഖരന്‍, കെ പങ്കജാക്ഷന്‍, കെ ശങ്കരനാരായണപിള്ള, എ സി ഷണ്‍മുഖദാസ്, എന്‍ എം ജോസഫ്, ലോനപ്പന്‍ നമ്പാടന്‍, എ നീലലോഹിതദാസ് എന്നിവരായിരുന്നു മന്ത്രിമാര്‍.

