Site icon Janayugom Online

ഇന്തോനേഷ്യ കയറ്റുമതി വിലക്കി; ഭക്ഷ്യ എണ്ണകള്‍ക്ക് വില വീണ്ടും കൂടും

ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില ഉയരാന്‍ സാധ്യത. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉല്പാദിപ്പിക്കുന്ന ഇന്തോനേഷ്യ കയറ്റുമതി വിലക്കിയതാണ് ആശങ്കയ്ക്ക് കാരണം. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയുന്നത്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഓരോ മാസവും നാല് ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയുടെ കുറവാണ് ഇന്തോനേഷ്യയുടെ കയറ്റുമതി നിരോധനത്തിലൂടെ ഉണ്ടാവുക. ഇത് രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില വന്‍തോതില്‍ ഉയരാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ രാജ്യത്ത് ഭക്ഷ്യവില ഏറെ ഉയര്‍ന്നുനില്‍ക്കുകയാണ്. ചില്ലറവില പണപ്പെരുപ്പം മാർച്ചിൽ റെക്കോഡ‍് ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) മാർച്ചിൽ 14.55 ശതമാനം ഉയർന്ന് നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തിരുന്നു.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് സമീപ ആഴ്ചകളിൽ സസ്യ എണ്ണകൾക്ക് എക്കാലത്തെയും ഉയർന്ന വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ സൂര്യകാന്തി എണ്ണ ഇറക്കുമതി പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണില്‍ നിന്ന് ഒരു ലക്ഷമായി കുറഞ്ഞു. ഈ സ്ഥിതിയില്‍ പാമോയില്‍ ലഭ്യതകൂടി ഇല്ലാതാകുന്നത് വലിയ ആഘാതമായിത്തിരും. പാചകത്തിനും സംസ്ക്കരിച്ച ഭക്ഷണ നിര്‍മ്മാണത്തിനും പുറമെ സൗന്ദര്യവർദ്ധക വസ്തുക്കള്‍, ജൈവ ഇന്ധനങ്ങൾ, ബിസ്‌ക്കറ്റ്, ഡിറ്റർജന്റുകൾ, ചോക്ലേറ്റ് എന്നിവയുൾപ്പെടെ നിരവധി ഉല്പന്നങ്ങൾ നിർമ്മിക്കാനും പാം ഓയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Eng­lish summary;Indonesia bans exports; The price of edi­ble oils will go up again

You may also like this video;

Exit mobile version