Site iconSite icon Janayugom Online

പാമോയില്‍ വിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന് ഇന്തോനേഷ്യ

പാമോയില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അടുത്ത ആഴ്ചയോടെ പിന്‍വലിക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡൊഡൊ പറഞ്ഞു. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉല്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നിരോധനം നീക്കിയേക്കും. 

ആഭ്യന്തര വിലക്കയറ്റം നേരിടാൻ കഴിഞ്ഞ ഏപ്രിൽ 28 മുതലാണ് ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത്. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് പാമോയിൽ വില ലിറ്ററിന് 104.86 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 91.09 മുതൽ 93.21 രൂപ വരെ കുറഞ്ഞതായി ജോക്കോ വിഡോഡോ പറഞ്ഞു.

ലോകത്ത് പാമോയില്‍ ഉല്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതാണ് ഇന്തോനേഷ്യ. ഇവർ കയറ്റുമതി നിരോധിക്കാൻ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. 

ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയിൽ, കേന്ദ്രസർക്കാർ അസംസ്കൃത പാമോയിൽ (സിപിഒ) ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്തോനേഷ്യ നിരോധനം നീക്കുന്നതോടെ പാമോയിലിന് ആഗോള വിപണിയില്‍ വില കുറയുമെന്നാണ് കണക്കാക്കുന്നത്. 

Eng­lish Summary:Indonesia says ban on palm oil to be lift­ed soon
You may also like this video

Exit mobile version