Site iconSite icon Janayugom Online

പലസ്തീന് പ്രയോജനമില്ലെങ്കില്‍ ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് പിന്മാറുമെന്ന് ഇന്തോനേഷ്യ

പലസ്തീനിലെ ജനങ്ങൾക്ക് പ്രയോജനകരമല്ലെങ്കിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ നിന്ന് പിന്മാറുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ബോര്‍ഡ് ഓഫ് പീസ് അംഗത്വത്തിനെതിരെ ഇന്തോനേഷ്യയില്‍ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

പലസ്തീന് പീസ് ഓഫ് ബോർഡ് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്നും ഇത് ഇന്തോനേഷ്യയുടെ ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് രാജ്യത്തെ മുസ്ലീം സംഘടനകൾ വാദിച്ചത്. പലസ്തീനിൽ യഥാർത്ഥ സമാധാനം യാഥാർത്ഥ്യമാക്കുന്നതിൽ ബോർഡ് ഓപ് പീസ് ഫലപ്രദമല്ലെന്നും, അതുകൊണ്ട് അംഗത്വം പിൻവലിക്കണമെന്നും ഇന്തോനേഷ്യൻ ഉലമ കൗൺസിൽ (എംയുഐ) ആവശ്യപ്പെട്ടിരുന്നു. നിലവിൽ ബോർഡ് ഓഫ് പീസിന്റെ എല്ലാ ചർച്ചകളും ഇറാൻ യുദ്ധം കാരണം നിർത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം വാഷിങ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിൽ പ്രബോവോ പങ്കെടുക്കുകയും പ്രവർത്തനങ്ങൾക്കായി ഗാസയിലേക്ക് 8,000 സൈനികരെ അയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാന്‍ ആക്രമണത്തില്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ ആശങ്കയുയര്‍ത്തിയ സാഹചര്യത്തില്‍ ബോര്‍ഡ് ഓഫ് പീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശകലനത്തിന് വിധേയമാക്കാനാണ് ഇന്തോനേഷ്യയുടെ തീരുമാനം. ലോകമെമ്പാടും സമാധാന പരിപാലനം പ്രോത്സാഹിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള ട്രംപ് സ്ഥാപിച്ച അന്താരാഷ്ട്ര സംഘടനയാണ് ബോര്‍ഡ് ഓഫ് പീസ്. 

Exit mobile version