Site iconSite icon Janayugom Online

വീടിനുള്ളിലെ വായുമലിനീകരണം: അകാലത്തില്‍ മരിക്കുന്നത് 43 ദശലക്ഷം പേര്‍

വീടിനുള്ളിലെ വായുമലിനീകരണം മൂലം ലോകത്ത് പ്രതിവര്‍ഷം 43 ദശലക്ഷം പേര്‍ അകാലത്തില്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി ജനങ്ങള്‍ കൂടുതലും വിറക്, കല്‍ക്കരി, ചാണകം, മറ്റ് ഖര ഇന്ധനങ്ങള്‍ എന്നിവയെ ആശ്രയിക്കുന്നതും വീടുകള്‍ക്കുള്ളിലെ പുകവലിയുമാണ് ജീവനെടുക്കുന്നത്. വികസ്വര രാജ്യങ്ങളിലാണ് വീടുകളിലെ വായുമലിനീകരണം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

സിഗരറ്റ്, ചുരുട്ടുകൾ, പൈപ്പുകൾ എന്നിവയിൽ നിന്നുള്ള പുക ഏറ്റവും അപകടകരമായ മലിനീകരണങ്ങളിൽ ഒന്നാണ്.

സിഗരറ്റില്‍ നിന്നുള്ള പുകയില്‍ 7,000 ത്തിലധികം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ശ്വസിക്കുന്നത് ഗുരുതര ശ്വസകോശ രോഗങ്ങള്‍ക്കും ഹൃദയാഘാതമടക്കം സംഭവിക്കാവുന്ന ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും.

അമേരിക്കയില്‍ 18 വയസിന് മുകളിലുള്ള പുകവലിക്കാത്ത 7,300 പേരാണ് ശ്വാസകോശ അർബുദ ബാധയെ തുടര്‍ന്ന് മരിക്കുന്നത്. പുകയില ഉല്പന്നങ്ങളില്‍ നിന്നുണ്ടാകുന്ന പുക ഡീസല്‍ കാറുകളില്‍ നിന്നും പുറന്തള്ളുന്നതിനേക്കാള്‍ 10 മടങ്ങ് ശക്തിയേറിയതാണ്.

വീടിനുള്ളിലെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം അടുപ്പുകളാണ്. പാചകത്തിനായി വിറക്, കല്‍ക്കരി, ചാണകം എന്നിവ കത്തിക്കുന്നത് വലിയ അന്തരീക്ഷ മലിനീകരണത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം പുക ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അണുബാധ, ആസ്തമ, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുപ്പില്‍ നിന്നുള്ള പുക സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതല്‍ ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളടങ്ങിയ ഉല്പന്നങ്ങളും വീടുകളിലെ മലിനീകരണത്തിന് കാരണമാകുന്നു. ഇത്തരം രാസവസ്തുക്കള്‍ വിഷപ്പുക പുറത്തുവിടുകയും, ഇത് ശ്വസിക്കുന്നത് ശ്വാസകോശ അണുബാധയ്ക്കും മറ്റ് അനുബന്ധ അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. വീടുകള്‍ക്കുള്ളിലെ അന്തരീക്ഷ മലിനീകരണത്തിന് മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഫംഗസുകളും മൃഗങ്ങളുടെ രോമങ്ങളുമാണ്.

ഈര്‍പ്പമുളള ചുവരുകള്‍, തറ എന്നിവിടങ്ങളിലാണ് ഫംഗസ് രൂപപ്പെടുന്നത്. ഇവ പ്രതിരോധ ശേഷിയെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കും. മൃഗങ്ങളുടെ രോമം ഗുരുതരമായ അലര്‍ജി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Eng­lish Sum­ma­ry: Indoor air pol­lu­tion: 43 mil­lion die prematurely

You may like this video also

Exit mobile version