Site iconSite icon Janayugom Online

പഠിച്ചിട്ടേ കാര്യമുള്ളൂന്ന് ഇന്ദ്രന്‍സ് ! അഭിനന്ദനം അറിയിച്ച് മന്ത്രിമാര്‍

സിനിമയില്‍ മാത്രമല്ല, പഠനത്തിലും തിളങ്ങാന്‍ തീരുമാനിച്ച് നടന്‍ ഇന്ദ്രന്‍സ്. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന നടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്കൂളില്‍ ഇനി എല്ലാ ഞായറാഴ്ചയും ക്ലാസിനെത്തും. പത്ത് മാസത്തെ പഠനകാലം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി മടങ്ങാനാണ് ദേശീയ- സംസ്ഥാന പുരസ്കാര ജേതാവിന്റെ തീരുമാനം. 

കടുത്ത ദാരിദ്ര്യത്തെത്തുടര്‍ന്ന് കുമാരപുരം യുപി സ്കൂളിലെ നാലാം ക്ലാസ് പഠനം അവസാനിപ്പിച്ച ഇന്ദ്രന്‍സ് സിനിമയിലെ അണിയറയില്‍ നിന്നാണ് അരങ്ങത്തേക്ക് എത്തിയത്. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസിലുണ്ടായിരുന്നുവെന്നും പേടിയോടെ പലയിടത്തും ഉള്‍വലിഞ്ഞിട്ടുണ്ടെന്നും ഇന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണെന്നും എന്നെ സമാധാനിപ്പിക്കാനായെങ്കിലും പഠിച്ചേ തീരുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയിൽ ചേരാൻ നടന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 

നടന് എല്ലാവിധ പിന്തുണയും അറിയിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തീരുമാനം മാതൃകാപരമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും ഇന്ദ്രന്‍സിനെ അഭിനന്ദിച്ചു. വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Eng­lish Sum­ma­ry: Indrans is a mat­ter of learn­ing! Con­grat­u­lat­ing Ministers

You may also like this video

Exit mobile version