Site iconSite icon Janayugom Online

പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയ സംഭവം: അന്വേഷണ മേല്‍നോട്ടം ഇന്ദു മല്‍ഹോത്രയ്ക്ക്

Indu malhotraIndu malhotra

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയത് സംബന്ധിച്ച് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതി അന്വേഷണം നടത്തും. അനേഷണ സമിതി അധ്യക്ഷയെ ഇന്നലെയാണ് സുപ്രീം കോടതി നിശ്ചയിച്ചത്.

ഏകപക്ഷീയമായ അന്വേഷണമല്ല നടക്കുക. അന്വേഷണ മേല്‍നോട്ടത്തിന് ജുഡീഷ്യല്‍ പരിശീലനം നേടിയ ബുദ്ധിയാണ് പ്രയോജനപ്പെടുത്തുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ പകരം നിശ്ചയിക്കുന്ന ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, ചണ്ഡിഗഡ് ഡിജിപി, സുരക്ഷാ ചുമതലയുള്ള പഞ്ചാബ് പൊലീസിലെ എഡിജിപി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ജനുവരി അഞ്ചിന് പ്രധാനമന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ കാരണം. ആരാണ് ഇതിന് ഉത്തരവാദി, അത് ഏത് പരിധിവരെ. പ്രധാനമന്ത്രി ഉള്‍പ്പെടെ അതീവ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങള്‍. ഭരണഘടനാ ചുമതലയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് ഉചിതമെന്നു തോന്നുന്ന വിഷയങ്ങള്‍ എന്നിവയാണ് സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സമിതി റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗത്തില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമാ കൊഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പുതിയ ഉത്തരവു പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

Eng­lish Sum­ma­ry: Indu Mal­ho­tra over­sees probe into PM’s vehi­cle stopping

You may like this video also

Exit mobile version