ജനപക്ഷ വിധികള്‍ പ്രസ്താവിച്ച ന്യായാധിപ എന്ന നിലയിലല്ല സുപ്രീം കോടതിയില്‍ ജസ്റ്റിസായിരുന്ന ഇന്ദു മല്‍ഹോത്ര ശ്രദ്ധേയയായത്. അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കപ്പെട്ട വനിതയാണ് അവര്‍. 30 വര്‍ഷത്തോളം അഭിഭാഷക വൃത്തിയില്‍ പരിചയമുള്ള അവരെ ജസ്റ്റിസായി നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ന്യായാധിപന്മാരെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്ന കൊളീജിയം ഏറെ വിവാദത്തില്‍ നില്ക്കുന്ന ഘട്ടത്തില്‍ 2018ലാണ് അവര്‍ നിയമിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും കാലവിളംബങ്ങളും വിവാദ വിഷയമായ ഘട്ടത്തില്‍ പക്ഷേ ഏപ്രില്‍ 25 ന് ശുപാര്‍ശ ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ദു മല്‍ഹോത്രയെ നിയമിച്ച ഉത്തരവ് പുറത്തിറങ്ങി. അസാധാരണമായ വേഗതയുണ്ടായി എന്നര്‍ത്ഥം. അത്തരമൊരു സാഹചര്യത്തില്‍ വിരമിച്ച ശേഷമെങ്കിലും അതിനോട് വിധേയത്വം കാട്ടുന്നത് അപ്രതീക്ഷിതമല്ല. അവരുടെ ചില വിധികളിലും അതു വായിച്ചെടുക്കുവാന്‍ സാധിക്കും. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച പരമോന്നത കോടതി വിധി ഭരണഘടനാ ബെഞ്ചിന്റെ കൂടുതല്‍ വിശാലമായ ബെഞ്ചിന് പുനഃപരിശോധനയ്ക്കു നല്കണമെന്ന വിധിയെ അനുകൂലിച്ച ജസ്റ്റിസുമാരിലൊരാള്‍ ഇന്ദു മല്‍ഹോത്ര ആയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണവും സ്വത്തുക്കളുടെ അവകാശവും സംസ്ഥാന സര്‍ക്കാരിനുള്ളതാണെന്ന ഹൈക്കോടതി വിധി തള്ളിയതും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു യു ലളിതും ഇന്ദു മല്‍ഹോത്രയും ചേര്‍ന്നായിരുന്നു. രാജകുടുംബത്തിനുകൂടി അവകാശമുണ്ടെന്നായിരുന്നു ഇരുവരും വിധിച്ചത്.
ഇതുകൂടി വായിക്കൂ: കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ അഴിമതി
ഇന്ദു മല്‍ഹോത്ര കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അതേ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തുവച്ച് ചിലരോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സംഘ്പരിവാര്‍ അനുകൂല സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്‍പ്രചാരം ലഭിക്കുകയുണ്ടായി. മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു. സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ വരുമാനങ്ങള്‍ കയ്യടക്കുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നുവെന്ന വാസ്തവ വിരുദ്ധമായ പ്രസ്താവമാണ് അവര്‍ നടത്തിയത്. രാജ്യത്തെ പരമോന്നത കോടതിയിലെ ജസ്റ്റിസ് പദവിയില്‍ നിന്ന് ഒരുവര്‍ഷം മുമ്പാണ് അവര്‍ വിരമിച്ചത്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ച നിയമങ്ങളെ കുറിച്ച് നല്ല പരിജ്ഞാനമുള്ള വ്യക്തിയായിരിക്കണം അവര്‍. വ്യക്തിപരമായി സംഘ്പരിവാര്‍ പക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ എന്ന നിലയില്‍ പ്രത്യേകിച്ച്. ക്ഷേത്രസ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ കയ്യടക്കുന്നുവെന്ന കല്ലുവച്ച നുണ ഇവിടെ ആര്‍എസ്എസും ബിജെപിയുമാണ് പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നത്. അതിനുപക്ഷേ പലപ്പോഴും അല്പായുസായിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളെന്ന വ്യത്യാസമില്ലാതെ അവര്‍ ഈ കള്ളപ്രചരണം നടത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം സര്‍ക്കാരുകള്‍ വ്യക്തമായ കണക്കുകള്‍ പുറത്തുവിടുന്നതോടെ ആ നുണ മരിച്ചുപോകുമായിരുന്നു. ക്ഷേത്രഭരണം നടത്തുന്ന ദേവസ്വം ബോര്‍ഡുകളുടെ ഏത് കണക്കുകളും വിവരങ്ങളും വിവരാവകാശ നിയമപ്രകാരം ലഭ്യമാകുമെന്നിരിക്കെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അല്പായുസായ കള്ളപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതേ വ്യാജപ്രചരണത്തിന്റെ അഭിഭാഷകവൃത്തിയാണ് ഇന്ദു മല്‍ഹോത്രയെന്ന മുന്‍ ജസ്റ്റിസ് ഏറ്റെടുത്തിരിക്കുന്നത്. വരുമാനം കണ്ടാണ് ഇങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം.
ഇതുകൂടി വായിക്കൂ: വര്‍ഗീയ പ്രീണന നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക
ക്ഷേത്രവരുമാനം അതാത് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കുള്ള വേതനവും നവീകരണ ചെലവുമായി വിനിയോഗിക്കുന്നുവെന്ന പച്ചയായ യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് ഇത്തരം പറഞ്ഞു പഴകിയ പ്രസ്താവനകള്‍ നടത്തുന്നത്. വിശ്വാസികള്‍ വീടുകളില്‍ അടച്ചിരുന്ന കോവിഡ് ലോക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ച സംസ്ഥാനത്തെ ക്ഷേത്രങ്ങളിലുള്ളവര്‍ക്കായി കോടിക്കണക്കിന് രൂപയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് അനുവദിച്ചത്. മലബാര്‍ ദേവസ്വത്തിന് 20 കോടി, തിരുവിതാംകൂറിന് 110, കൊച്ചി — 25 കോടി വീതം, കൂടല്‍മാണിക്യം ദേവസ്വം — 15 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സര്‍ക്കാരുകള്‍ ഇങ്ങനെ തുക വിനിയോഗിച്ചതായി രേഖയില്ല. ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോർഡുകൾക്ക് സംസ്ഥാന സർക്കാർ 2018 മുതല്‍ 2022 വരെ 449 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ പല ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ വിഹിതം അങ്ങോട്ടു നല്കുകയാണ് ചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയാല്‍ മനസിലാക്കാവുന്നതാണ്. വസ്തുത ഇതായിരിക്കേ സുപ്രീം കോടതി പോലെ ഉന്നതമായ ഭരണഘടനാ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച ഒരു മഹതി വിരമിച്ച് ഒരുവര്‍ഷത്തിനുശേഷം സംഘ്പരിവാറിനുവേണ്ടി സംസാരിക്കുന്നത് എന്തിനെന്ന് വ്യക്തമാണ്. അഭിഭാഷകയായിരിക്കേ നേരിട്ട് സുപ്രീം കോടതിയില്‍ നിയമിക്കുകയും സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്ത ബിജെപി സര്‍ക്കാരിനോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയാണ് അവരെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.
You may also like this video;