Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ച; നിലപാടില്‍ ഉറച്ച് ശശി തരൂര്‍

സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂര്‍. പതിനഞ്ച് ദിവസം കൊണ്ട് അഭിപ്രായം മാറേണ്ട കാര്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ തരൂരിന്റെ വിവാദ അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നലെ പുറത്തുവന്നു. ബിജെപിയിലേക്ക് പോകാന്‍ ആലോചനയില്ലെന്ന് തരൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. തന്റെ വിശ്വാസങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടിയല്ല. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള സാധ്യത എല്ലാ വ്യക്തികള്‍ക്കുമുണ്ട്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നും തരൂര്‍ പറയുന്നു.
കേരളത്തിന്റെ വിഷയത്തില്‍ ഞാന്‍ കുറച്ചുകൂടി ഇടപെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. 

കഴിഞ്ഞ തവണ എന്നെ യുഡിഎഫ് പ്രകടനപത്രികാ കമ്മിറ്റിയുടെ ചെയര്‍മാനാക്കി. അത് നന്നായി കൈകാര്യം ചെയ്യാനും അവസരമുണ്ടായി. രാഷ്ട്രീയത്തില്‍ വന്ന ശേഷം മൂന്ന് തവണയും പാര്‍ട്ടിക്കായി കേരളത്തില്‍ പ്രചരണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. 2026ല്‍ എന്ത് ആവശ്യപ്പെടുമെന്ന് നോക്കാം. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രം തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version