Site iconSite icon Janayugom Online

വ്യാവസായിക ഉല്പാദന വളര്‍ച്ച കുത്തനെ ഇടിയുന്നു

industryindustry

രാജ്യത്തെ വ്യാവസായിക ഉല്പാദന വളര്‍ച്ച കുത്തനെ ഇടിയുന്നു. വ്യാവസായിക ഉല്പാദന സൂചിക (ഐഐപി) ഓഗസ്റ്റില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.8 ശതമാനത്തില്‍ നിന്നും സെപ്റ്റംബറില്‍ 5.8 ശതമാനമായി കുറഞ്ഞു. മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഉല്പാദന മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഓഗസ്റ്റില്‍ 9.3 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 4.5 ശതമാനമായി. വൈദ്യുതി മേഖലയുടെ വളര്‍ച്ച 15.3 ശതമാനത്തില്‍ നിന്ന് 9.9 ശതമാനമായും ഖനന മേഖലയുടെ വളര്‍ച്ച ഓഗസ്റ്റിലെ 12.3 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 11.5 ശതമാനമായും ഇടിഞ്ഞു. ഫാക്ടറി ഉല്പാദനം സെപ്റ്റംബറില്‍ 2.4 ശതമാനം കുറഞ്ഞു.

ഭക്ഷ്യ ഉല്പന്നങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, നോണ്‍-മെറ്റാലിക് മിനറല്‍ ഉല്പന്നങ്ങള്‍, രാസ ഉല്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയിലുണ്ടായ തുടര്‍ച്ചയായ കുറവാണ് വന്‍ ഇടിവിന് കാരണം. ഈ ആറ് ഇനങ്ങളാണ് വ്യാവസായിക ഉല്പാദന സൂചികയുടെ 60 ശതമാനവും വഹിക്കുന്നത്. സെപ്റ്റംബറിലെ വ്യാവസായിക ഉല്പാദന സൂചിക വളർച്ചയെ പ്രതിഫലിപ്പിക്കുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ച സ്ഥാനത്താണ് വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂചികയില്‍ ഉള്‍പ്പെട്ട 23 ഇനങ്ങളില്‍ ഒമ്പതിന്റെയും ഉല്പാദനം സെപ്റ്റംബറില്‍ കുറഞ്ഞു. അതേസമയം ഉപഭോക്തൃ ഉല്പന്നങ്ങളുടെ സൂചിക സെപ്റ്റംബറില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വ്യാവസായിക ഉല്പാദന സൂചികയിലെ വളര്‍ച്ച കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 7.1 ശതമാനത്തില്‍ നിന്ന് 6.0 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്. 

Eng­lish Sum­ma­ry: Indus­tri­al pro­duc­tion growth is falling sharply

You may also like this video

Exit mobile version