Site iconSite icon Janayugom Online

വ്യാവസായിക പരിശീലന വകുപ്പിന്റെ തൊഴില്‍ മേളകള്‍ ഹിറ്റ്

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഐടിഐ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന തൊഴില്‍ മേളകള്‍ വന്‍ വിജയം. 2017 മുതല്‍ 2022 വരെ സംസ്ഥാനത്ത് നടത്തിയ തൊഴില്‍ മേളകളിലൂടെ ഭാവി സുരക്ഷിതമാക്കിയത് 14,420 ഉദ്യോഗാര്‍ത്ഥികള്‍. 2017 ല്‍ 3806 പേരും, 2018 ല്‍ 3606 ഉം 2019 ല്‍ 4539 ഉം 2020 ല്‍ 2469 പേരും 2022 ല്‍ 2842 പേരുമാണ് തൊഴില്‍ വിവിധ മേളകളിലൂടെ കേരളത്തിലും പുറത്തും ജോലി നേടിയത്. 2021 ല്‍ കോവിഡ് മൂലം തൊഴില്‍ മേള നടന്നില്ല. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ 104 സര്‍ക്കാര്‍ ഐടിഐകളും 44 എസ്‌സിഡിഡി ഐടിഐകളും രണ്ട് എസ്‌ടിഡിസി ഐടിഐകളും 275 പ്രൈവറ്റ് ഐടിഐകളിലുമായി 55,000 വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. 

സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നും വിജയകരമായി പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ ഐടിഐകളിലും പ്ലേസ്മെന്റ് സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് എല്ലാ വര്‍ഷവും 14 ജില്ലകളിലും സ്പെക്ട്രം എന്ന പേരില്‍ തൊഴില്‍ മേളകളും സംഘടിപ്പിക്കുന്നത്.
2017 ല്‍ മൂന്ന് ജില്ലകളിലായി തുടക്കമിട്ട പദ്ധതി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എല്ലാ ജില്ലകളിലേക്കും വ്യപിപ്പിക്കുകയായിരുന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര സോഫ്റ്റ്‌വേര്‍ പോര്‍ട്ടലായ ‍ഡിഡബ്ല്യുഎംസിയിലൂടെയാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. 

ഈ വര്‍ഷത്തെ സ്പെക്ട്രം 2023 ജോബ് ഫെയര്‍ 29 ന് കൊല്ലം കളമശേരി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ തുടക്കം കുറിച്ച് ഒക്ടോബര്‍ പത്തിന് മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സമാപിക്കുന്ന തരത്തിലാണ് വ്യാവസായിക പരിശീലന വകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ട്രെയിനിങ് ഇന്‍സ്പെക്ടര്‍ ഷമ്മി ബക്കര്‍ എ പറഞ്ഞു. 

Eng­lish Sum­ma­ry; Indus­tri­al Train­ing Depart­ment job fairs hit

You may also like this video

Exit mobile version