Site icon Janayugom Online

വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം അനുമതി: മന്ത്രി പി രാജീവ്

അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെഎസ്ഐഡിസി കോഴിക്കോട് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 കോടി രൂപയിലധികം നിക്ഷേപം ഉള്ള ഒരു വ്യവസായത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും കോമ്പോസിറ്റ് ലൈസൻസ് നൽകാനാണ് നിയമം നിഷ്കർഷിക്കുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ബ്യൂറോയ്ക്ക് ആണ് കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ സംരംഭകരുടെ പരാതി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന്‌ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന പരാതി പരിഹാര സമിതിക്ക്‌ ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണം. അടുത്ത 15 ദിവസത്തിനകം പരിഹാര നിർദേശവും നടപ്പാക്കണം. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന്‌ ദിവസം 250 രൂപ വീതം പരമാവധി 10,000 രൂപവരെ പിഴ ഈടാക്കും. നടപടി വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും പിഴയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായസംരംഭക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിയമനിർമ്മാണവും നടപടികളും ഇതിനകം തന്നെ സർക്കാർ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

യു എൽ സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ.രാഘവൻ എം പി, ടി.പി. രാമകൃഷ്ണൻ എം എൽ എ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. നഗരസഭ കൗൺസിലർ സുജാത കൂടത്തിങ്കൽ, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം, ജനറൽ മാനേജർ ജി.അശോക് ലാൽ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് തുടങ്ങിവർ പങ്കെടുത്തു.
eng­lish summary;Industries allowed with­in sev­en days: Min­is­ter P Rajeev
you may also like this video;

Exit mobile version