സ്പെയിനിലെ കാറ്റലോണിയയിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പന്നിപ്പനി പടർന്നതായി സംശയിക്കുന്നതായി സ്പെയിൻ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. പന്നിപ്പനിയുടെ A(H1N1)v വേരിയന്റാണ് ബാധിച്ചതെന്ന് കാറ്റലോണിയൻ ആരോഗ്യ വകുപ്പ് വക്താവ് വെള്ളിയാഴ്ച (2026 ഫെബ്രുവരി 27) സ്ഥിരീകരിച്ചു. എന്നാൽ, പൊതുജനങ്ങളിൽ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ച വ്യക്തിക്ക് സാധാരണ പനി ലക്ഷണങ്ങളായ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നില്ല. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ മറ്റാരിലേക്കും വൈറസ് വ്യാപിച്ചിട്ടില്ലെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തിക്ക് പന്നികളുമായോ പന്നി ഫാമുകളുമായോ യാതൊരുവിധ സമ്പർക്കവും ഉണ്ടായിരുന്നില്ലെന്ന് സ്പാനിഷ് പത്രമായ ‘എൽ പൈസ്’ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള പകർച്ചയാണെന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത്. നിലവിൽ രോഗബാധിതൻ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടുണ്ട്. പന്നിപ്പനി വൈറസ് മനുഷ്യരിൽ പടരുന്ന പനി വൈറസുമായി ചേർന്ന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആരോഗ്യ ലോകം ഈ സംഭവത്തെ ഗൗരവത്തോടെ കാണുന്നത്. പന്നികളിൽ ഒരേസമയം രണ്ട് തരം വൈറസുകളും ബാധിക്കുമ്പോഴാണ് ഇത്തരം അപകടകരമായ മാറ്റങ്ങൾ സംഭവിക്കാറുള്ളത്.
2009ൽ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച പന്നിപ്പനി പാൻഡെമിക് ഇത്തരത്തിൽ പന്നികളിലും പക്ഷികളിലും മനുഷ്യരിലും കാണപ്പെടുന്ന വൈറസുകളുടെ ജനിതക മിശ്രണം മൂലം ഉണ്ടായതായിരുന്നു. 2023ൽ നെതർലാൻഡിലും സമാനമായ രീതിയിൽ മൃഗങ്ങളുമായി സമ്പർക്കമില്ലാത്ത ഒരാളിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. സ്പെയിനിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

