മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ‘പ്രോജക്ട് ചീറ്റ’ പദ്ധതിക്ക് വീണ്ടും തിരിച്ചടി. ഏഴ് ചീറ്റക്കുഞ്ഞുങ്ങളില്‍ പുതിയ രോഗബാധ കണ്ടെത്തി. സംഭവത്തില്‍ വനംവകുപ്പ് മധ്യപ്രദേശ് അന്വേഷണം ആരംഭിച്ചു. വന്യജീവി പ്രവർത്തകൻ അജയ് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ 110 തവണ പാർക്കിലെ ചീറ്റകളെ മയക്കിക്കിടത്തിയെന്ന് ദുബെ ആരോപിച്ചു. ചീറ്റപ്പുലികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയെന്നും ഇതാണ് ചീറ്റക്കുട്ടികളിൽ ടിക്ക് ഇന്‍ഫെസ്റ്റേഷന്‍ രോഗം ബാധിച്ചതിന് കാരണമെന്നും ആരോപണമുണ്ട്. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ദുബെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ നമീബിയയില്‍ നിന്നെത്തിച്ച പവൻ എന്ന ചീറ്റ ചത്തിരുന്നു. കൂട്ടത്തില്‍ ഏറ്റവും വേഗക്കാരനായിരുന്നു പവൻ. അതിന് മുന്നേ 5 മാസം പ്രായമുള്ള ഗമിനി എന്ന ചീറ്റയും ചത്തിരുന്നു. കുനോ നാഷണല്‍ പാര്‍ക്കില്‍ ഇനി 24 ചീറ്റകളാണ് ഉള്ളത്. ഇതില്‍ 12 എണ്ണം മുതിര്‍ന്ന ചീറ്റകളും 12 എണ്ണം കുഞ്ഞുങ്ങളുമാണ്. നിലവിൽ, ചീറ്റകളെ കുനോ നാഷണൽ പാർക്കിലെ ചുറ്റുമതിലിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്, ഒക്ടോബർ അവസാനത്തോടെ അവയെ കാട്ടിലേക്ക് വിടാനാണ് പദ്ധതി.