Site icon Janayugom Online

ഭയക്കണം; വേട്ടയാടാന്‍ കൂടുതല്‍ അണുബാധകള്‍

കോവിഡിനെ കൂടാതെ മനുഷ്യരില്‍ മറ്റ് അണുബാധകള്‍ വര്‍ധിച്ചുവരുന്നതായി പഠനം. ഇവയില്‍ കൂടുതലും കുട്ടികളിലാണെന്നും രോഗബാധ ഇവരുടെ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെപ് എ, ആര്‍എസ്‌വി, പകര്‍ച്ചപ്പനി, ആന്റിമൈക്രോബയൽ പ്രതിരോധം ഉയരുന്നത് തുടങ്ങിയ നാല് രോഗാവസ്ഥകളിലാണ് നിലവില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊണ്ടയിലെ അണുബാധയ്ക്കും പനിക്കും കാരണമാകുന്ന ബാക്ടീരിയ ആണ് സ്ട്രെപ് എ. തൊണ്ടയിലും ചര്‍മ്മത്തിലുമാണ് ഈ ബാക്ടീരിയയെ കണ്ടുവരുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. സ്ട്രെപ് ത്രോട്ട് എന്നും സ്കാര്‍ലെറ്റ് ഫീവര്‍ എന്നും അറിയപ്പെടുന്ന ഈ രോഗം അപൂർവ സന്ദർഭങ്ങളിൽ മാരകമായേക്കാം.

കഴിഞ്ഞ ഡിസംബറില്‍ സ്ട്രെപ് എ കേസുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് സിഡിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുകെയില്‍ നിലവില്‍ ഒന്നു മുതല്‍ നാല് വയസിനിടയ്ക്കുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് 2.3 പേര്‍ക്ക് രോഗം പിടിപെടുന്നുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പ് രോഗത്തിന്റെ ശരാശരി നിരക്ക് 0.5 ആയിരുന്നുവെന്ന് യുകെ ഹെല്‍ത്ത് ഏജന്‍സി പറയുന്നു. കോപം, ഉണര്‍ന്നിരിക്കാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള കരച്ചില്‍, ഭക്ഷണത്തോട് വിരക്തി, മൂത്രത്തിന്റെ അളവില്‍ കുറവ്, കൈകാലുകളിലെ മരവിപ്പ്, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ് ആര്‍എസ്‌വി, രണ്ട് വയസിനു താഴെയുള്ള കുട്ടികളിലും ആസ്ത്മ, ഡയബറ്റിക്സ്, കാന്‍സര്‍ ബാധിതരായ മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു. യുഎസില്‍ പ്രതിവര്‍ഷം പ്രായപൂര്‍ത്തിയായ 60,000 മുതല്‍ 1,20,000 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നു. 6000–10,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതായി സിഡിഎസ് പറയുന്നു. ഈ സീസണില്‍ മാത്രം 2.4 കോടി പകര്‍ച്ചപ്പനി കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,60,000 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആന്റിമൈക്രോബയൽ പ്രതിരോധം ഉയരുന്ന സാഹചര്യം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.

Exit mobile version