കർണാടക നിയമസഭയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 72.63 ശതമാനം പേര്‍ സമ്മതിദാനം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുകളില്‍ ഇതിൽ നേരിയ മാറ്റംവന്നേക്കാം. 2018ൽ 72.36 ശതമാനമായിരുന്നു പോളിങ്. തെരഞ്ഞെടുപ്പില്‍ അങ്ങിങ്ങ് ചെറിയ അക്രമങ്ങളുണ്ടായി. ബല്ലാരിയിലെ പോളിങ് ബൂത്തിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. വിജയപുരയിലെ മസബിനാലയില്‍ ഇവിഎമ്മുമായി വന്ന വാഹനം തടയുകയും കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ തകർക്കുകയും ചെയ്തു. ഇതില്‍ 23 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വോട്ടർമാർ പോളിങ്ങിനിടെ മരിച്ചു. ബെലഗാവി ജില്ലയിലെ ബൂത്തിലെ ക്യൂവിൽ നിൽക്കുന്നതിനിടെ 70 വയസുള്ള സ്ത്രീയും ബേലൂരിലെ ചിക്കോളിൽ വോട്ട് ചെയ്ത് മിനിറ്റുകൾക്കകം ജയണ്ണ എന്ന വോട്ടറുമാണ് മരിച്ചത്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോളുകൾ. തൂക്കുസഭക്കുള്ള സാധ്യതയാണ് എക്സിറ്റ് പോളുകൾ പറയുന്നത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് പ്രവചനം. ജെഡിഎസ് 24–32 സീറ്റുകളും മറ്റുള്ളവർ 2–6 സീറ്റുകളും നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു.
ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. 114 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് ‑86, ജെഡിഎസ് ‑21, മറ്റുള്ളവർ ‑മൂന്ന് എന്നിങ്ങനെയാണ് ന്യൂസ് നേഷന്റെ പ്രവചനം. സുവർണ ന്യൂസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 94–117 സീറ്റുകളും കോൺഗ്രസ് 91–106 സീറ്റുകളും ജെഡിഎസ് 14–24 സീറ്റുകളും മറ്റുള്ളവർ 0–4 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. സീ ന്യൂസ് എക്സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പാർട്ടി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 79–94 സീറ്റുകളും ജെഡിഎസ് 25–33 സീറ്റുകളും മറ്റുള്ളവർ 2–5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന ടിവി ഒമ്പത് ഭാരത് വർഷ് എക്സിറ്റ് പോളില്‍ 99 മുതൽ 109 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചിക്കുന്നത്. 79–94 വരെ സീറ്റുകൾ ബിജെപിയും 25 മുതൽ 33 വരെ സീറ്റുകൾ ജെഡിഎസും നേടുമെന്ന് പ്രവചിക്കുന്നു. മറ്റുള്ളവർക്ക് രണ്ടു മുതൽ അഞ്ചു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ ജെഡിഎസ് കിങ് മേക്കറാകും. ആകെ 224 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. കര്‍ണാടകയില്‍ വോട്ടെടുപ്പ് വൈകിട്ട് ആറോടെ അവസാനിച്ചു.
വൈകിട്ട് അഞ്ചു വരെ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 2615 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 224 സീറ്റിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. 223 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലും. 13 നാണ് വോട്ടെണ്ണൽ.
English Summary; Karnataka election; Exit polls predict a hung assembly
You may also like this video