Site iconSite icon Janayugom Online

പാകിസ്ഥാനില്‍ പണപ്പെരുപ്പം രൂക്ഷം

സാമ്പത്തിക പ്ര­തിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ പണപ്പെരുപ്പം 38 ശതമാനമായി വര്‍ധിച്ചു. 1957ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നിലവിൽ ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണ് പാകിസ്ഥാനിലേത്. ഇതിനുമുമ്പ് ശ്രീലങ്കയിലായിരുന്നു ഏറ്റവും ഉയർന്ന പണപ്പെരു­­­­­പ്പ നിരക്ക്. പാകിസ്ഥാനില്‍ ഭ­ക്ഷ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഷെ­ഹ്ബാസ് ഷെരീഫ് സർക്കാർ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കണക്കുകള്‍ പുറത്തുവന്നത്. ഭക്ഷ്യവിലക്കയറ്റം ഏപ്രിലിലെ 48.1 നിന്ന് മേ­യിൽ 48.7 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതക ക്ഷാമവും രാജ്യത്ത് നേരിടുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ ഉരുളക്കിഴങ്ങ്, ഗോതമ്പ് പൊടി, ചായ, മുട്ട, അരി എന്നിവയ്ക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ വില വർധിച്ചു. ഭക്ഷ്യേതര വിഭാഗത്തിൽ, പാഠപുസ്തകങ്ങൾ, സ്റ്റേഷനറിക­ൾ, മോട്ടോർ ഇന്ധനങ്ങൾ, വാഷിങ് സോപ്പുകൾ, ഡിറ്റർജന്റുകൾ, തീപ്പെട്ടികൾ എന്നിവയാണ് വർധന രേ­ഖപ്പെടുത്തിയ ഇനങ്ങൾ.

പ്രതിസന്ധി മറികടക്കുന്നതിന് കൂടുതൽ വായ്പ ലഭിക്കുന്നതിനായി പാകിസ്ഥാന്‍ ഐഎംഎഫുമായി നടത്തുന്ന ചര്‍ച്ചകള്‍ അ­ന്തിമമായിട്ടില്ല. ഐഎംഎഫ് നിബന്ധനകള്‍ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ വിമുഖത കാണിക്കുന്നതാണ് ചര്‍ച്ച നീളാന്‍ കാരണം. 2019ല്‍ വാഗ്ദാനം ചെയ്ത 110 കോടി ഡോളര്‍ വായ്പയുടെ ബാക്കി തുകയാണ് ഐഎംഎഫില്‍ നിന്ന് ലഭിക്കാനുള്ളത്. പാകിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും അനുസൃതമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഐഎംഎഫ് ദൗത്യ മേധാവി നഥാന്‍ പോര്‍ട്ടര്‍ പറഞ്ഞിരുന്നു. 

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിട്ടതോടെ ഐഎംഎഫുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ വഷളായി. പോര്‍ട്ടറുടെ പ്രസ്താവന പാകിസ്ഥാന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിമര്‍ശിച്ചിരുന്നു. രാജ്യത്തിന് ആവശ്യമായ വായ്പ നല്‍കുന്നതിന് പകരം പാകിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് അദ്ദേഹം നഥാന്‍ പോര്‍ട്ടറെ പരിഹസിച്ചിരുന്നു. ഈ മാസം പാകിസ്ഥാന്‍ ഐഎംഎഫ് കൂടിക്കാഴ്ച നടന്നിട്ടില്ല. പാകിസ്ഥാന്‍ കരസേനയെ ലക്ഷ്യംവച്ചുള്ള പാക് തെഹ്‌രിക് ഇൻസാഫ് അധ്യക്ഷൻ ഇമ്രാന്‍ ഖാന്റെ അനുയായികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം സെെന്യത്തില്‍ ആഭ്യന്തര കലഹം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലാഹോറിലെ ജിന്നാ ഹൗസ് വസതിയില്‍ പിടിഐ അനുകൂലികള്‍ മേയ് ഒമ്പതിന് തീയിട്ടതിനെത്തുടര്‍ന്ന് സൈനികര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും സൈന്യവും വ്യത്യസ്ത ചേരിയിലായതിനാല്‍ ബലൂചിസ്ഥാന്‍, സിന്ധ്, തെഹ്‍രിക് ഇ താലിബാന്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്നുവരുന്ന കലാപങ്ങളില്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

Eng­lish Summary:Inflation is ram­pant in Pakistan
You may also like this video

Exit mobile version