Site iconSite icon Janayugom Online

വിലക്കയറ്റം, കടലാസ് ദൗര്‍ലഭ്യം; അച്ചടിമേഖലയിലെ പ്രതിസന്ധി രൂക്ഷം

കടലാസിന്റെ ലഭ്യതക്കുറവും അവയുടെ വിലയിലുണ്ടായ കുതിപ്പും അച്ചടിമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി. റഷ്യ — ഉക്രെയ്ന്‍ യുദ്ധം, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, ഇറക്കുമതിച്ചെലവും കപ്പൽ നിരക്കും കൂടിയത് — എന്നിങ്ങനെ, കടലാസ് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ന്യൂസ് പ്രിന്റിന് ഒരു വർഷം കൊണ്ട് വില ഇരട്ടിയിലധികമായാണ് വർധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ഒരു ടൺ ന്യൂസ് പ്രിന്റിന്റെ വില 37,000 രൂപയായിരുന്നു. ഇപ്പോൾ 90,000 രൂപയാണ്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ബി ഗ്രേഡ് ന്യൂസ് പ്രിന്റിന്റെ വില 80,000 ‑ത്തിൽ താഴെ വരെയെത്തി. മുമ്പ് 25 ലക്ഷം ടൺ ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര ഉപയോഗം. 15 ലക്ഷം ടൺ ഇറക്കുമതിയും 10 ലക്ഷം ടൺ ആഭ്യന്തര ഉല്പാദനവും. ഇപ്പോൾ ആകെ ഉപയോഗം 10 ലക്ഷം ടൺ മാത്രം. മാപ് ലിത്തോ, കോട്ടഡ് കടലാസ്, പൾപ്പ് ബോർഡ്, ക്രാഫ്റ്റ് കടലാസ് എന്നിവയുടെ വിലയും ഉയരത്തിലാണ്. ഇവയിൽ, കോട്ടഡ് കടലാസിന്റെ വിലയിലാണ് ഏറ്റവും വലിയ കുതിപ്പുണ്ടായത്. 2021 മാർച്ചിൽ 60,000 രൂപയ്ക്കു താഴെയായിരുന്നു ടണ്ണിനു വിലയെങ്കിൽ നിലവിൽ 1,20, 000 രൂപയാണ് വില. മറ്റ് ഇനങ്ങൾക്കും തീവിലയാണ്. റഷ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ന്യൂസ് പ്രിന്റ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്.

ഇന്ത്യയിൽ ആവശ്യമായ പത്രക്കടലാസിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെ ഇറക്കുമതി തകിടം മറിഞ്ഞു. റഷ്യൻ തുറമുഖങ്ങളിൽ യുദ്ധത്തിനു മുമ്പെന്ന പോലെ ഫലപ്രദമായ പ്രവർത്തനവുമില്ല. കാനഡയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മറ്റൊരു ആശ്രയം. പക്ഷേ, അവർ പ്രധാന പരിഗണന നൽകുന്നത് അമേരിക്കയ്ക്കും മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കുമാണ്. കടലാസ് ഉല്പാദിപ്പിക്കുന്നതിനുള്ള പാഴ്ക്കടലാസുകൾ, പൾപ്പ് തുടങ്ങിയവ അധികവും വിദേശങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. ഇപ്പോൾ അവയും കിട്ടാതായി. കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ പൂട്ടി ഓൺലൈൻ പഠനത്തിലേക്കു തിരിഞ്ഞതും ഓഫീസുകളിൽ പ്രവർത്തനമില്ലാതായതുമാണ് ഉപയോഗം കഴിഞ്ഞ നോട്ട്ബുക്കുകളടക്കമുള്ള പാഴ്ക്കടലാസുകളുടെ ക്ഷാമത്തിനിടയാക്കിയത്. ഇതോടെ, വൻകിട മില്ലുകളടക്കമുള്ളവ വലിയ തോതിൽ കടലാസ് പെട്ടികളുടെയും മറ്റും നിർമ്മാണത്തിലേക്കും കയറ്റുമതിയിലേക്കും തിരിഞ്ഞു. ഫോട്ടോ സ്റ്റാറ്റ്, ഓഫീസ് ഉപയോഗങ്ങൾക്കുള്ള പേപ്പറുകളുടെ വിലയും ഉയരുകയാണ്. കപ്പൽ നിരക്കുകളിലുണ്ടായ വർധനവ് ഇറക്കുമതിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇന്ധന വില കൂടുന്നതും തിരിച്ചടിയായി. കേരളത്തിലെ അച്ചടിശാലകളെല്ലാം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.

Eng­lish sum­ma­ry; Infla­tion, paper short­age; The cri­sis in the print­ing sec­tor is acute

You may also like this video;

Exit mobile version