രാജ്യത്ത് ജനുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ഡിസംബറിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.59 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഒരു മാസത്തിന് ശേഷം ഇത് 6.01 ശതമാനമായി കുത്തനെ ഉയർന്നു. ഭക്ഷ്യ വിലക്കയറ്റം ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് 5.43 ശതമാനമായും ഉയർന്നു.
ധാന്യങ്ങൾ, മുട്ട, പാലുല്പന്നങ്ങൾ എന്നിവയുടെ വില ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ ഉയർന്നു. ഇത് ചില്ലറ പണപ്പെരുപ്പത്തിലെ വർധനവിന് കാരണമായി. ഉപഭോക്തൃ വില സൂചികയിലും ഇത് പ്രകടമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബറിൽ 5.59 ശതമാനമായി ഉയർന്ന റീട്ടെയിൽ പണപ്പെരുപ്പം പിന്നീട് 5.66 ശതമാനമായി ചുരുങ്ങി. എന്നാൽ അതും അഞ്ച് മാസത്തെ ഉയർന്ന നിരക്കായിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ച് ശതമാനത്തിന് താഴെയായിരുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ, പാകപ്പെടുത്തിയ ഭക്ഷണം, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവയുടെ വില ഉയർന്നതാണ് ജനുവരിയിൽ പണപ്പെരുപ്പത്തിന് കാരണമായത്.
അതേസമയം മൊത്തവിലപ്പെരുപ്പം ഡിസംബറിലെ 13.56 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 12.96 ശതമാനമായി കുറഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാലിത് ഏപ്രിൽ മുതൽ തുടർച്ചയായി പത്ത് മാസവും ഇരട്ട അക്കത്തിൽ തുടരുകയാണ്. മിനറൽ ഓയിൽ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങൾ, രാസവസ്തുക്കൾ, രാസ ഉല്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പത്തിന് കാരണം.
ഭക്ഷ്യ വസ്തുക്കളുടെ വില ഡിസംബറിലെ 9.56 ശതമാനത്തിൽ നിന്ന് 10.33 ആയി ഉയർന്നു. പച്ചക്കറികളുടെ മൊത്തവില 31.56 ശതമാനത്തിൽ നിന്ന് 38.45 ശതമാനമായും ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് നാല് ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
English Summary: Inflation: Prices of cereals, eggs and dairy products are rising
You may like this video also