Site icon Janayugom Online

പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു: വെജിറ്റേറിയൻ താലിക്ക് 10 ശതമാനം വിലകൂടി

thali

മൂന്ന് മാസത്തിനുശേഷം രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. ഭക്ഷ്യവില വര്‍ധനയാണ് കാരണമെന്നാണ് വിലയിരുത്തല്‍. സവാള, തക്കാളി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില വലിയ തോതില്‍ വര്‍ധിച്ചതാണ് പണപ്പെരുപ്പത്തിന് വഴിവച്ചത്. അരിവിലയില്‍ വലിയ വര്‍ധനയാണുണ്ടായത്. ഉള്ളിവില രണ്ടിരട്ടിയായി ഉയര്‍ന്നു.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക 5.70 ശതമാനമായാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ ഇത് 4.87 ശതമാനമായിരുന്നു. പണപ്പെരുപ്പം 6.50 ശതമാനമായി ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാര്‍ക്ലേയ്സ് കണക്കനുസരിച്ച് ഉപഭോക്തൃ വില സൂചിക 6.15 ശതമാനമായി ഉയരും. അതേസമയം എണ്ണവില കുറയുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 

നവംബറില്‍ രാജ്യത്തെ വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ താലി ഊണു വില യഥാക്രമം 10 ശതമാനവും അഞ്ചു ശതമാനവും വര്‍ധിച്ചതായി ക്രിസിലിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. ഉള്ളിവില 58 ശതമാനവും തക്കാളി വില 35 ശതമാനവും വര്‍ധിച്ചതാണ് സസ്യാഹാരികളെയും മാംസാഹാരികളെയും ഒരു പോലെ ബാധിച്ചത്. ഉത്സവ സീസണ്‍ ആയിരുന്നു എന്നതും കാലം തെറ്റിയുള്ള മഴമൂലം ഖാരിഫ് വിളയിലുണ്ടായ കുറവും വിലവര്‍ധനയ്ക്ക് കാരണമായി.
വെജിറ്റേറിയൻ താലി ഊണിലെ പ്രധാന ഘടകമാണ് ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറികള്‍. ചോറിനും തൈരിനും പുറമേ പരിപ്പ്, സാലഡ് എന്നിവയും വെജിറ്റേറിയൻ താലി ഊണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഴി ഇറച്ചി വിലയില്‍ ചെറിയ തോതില്‍ മാത്രം വര്‍ധിച്ചതാണ് നോണ്‍വെജ് താലികള്‍ക്ക് വില താരതമ്യേന അധികം ഉയരാതിരിക്കാൻ കാരണം. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെജിറ്റേറിയൻ ഊണിന് ഒമ്പത് ശതമാനം വര്‍ധന ഉണ്ടായതായും കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളിവില 93 ശതമാനവും തക്കാളി വില 15 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 21 ശതമാനവും വര്‍ധിച്ചു. വെജിറ്റേറിയൻ ഊണ് തയ്യാറാക്കാൻ ഒരു കുടുംബത്തിന് 14 രൂപയും നോണ്‍വെജിറ്റേറിയൻ ഊണിന് 15 രൂപയും അധികമായി ചെലവഴിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരു മാസത്തെ കണക്കെടുത്താല്‍ വെജിറ്റേറിയൻ നോണ്‍വെജിറ്റേറിയൻ ഊണുകള്‍ക്ക് യഥാക്രമം 840രൂപയും 900രൂപയും ചെലവ് വരും. ഇങ്ങനെ അഞ്ചംഗ കുടുംബത്തിന് മാസം വെജിറ്റേറിയൻ ഊണിനായി 4,545 രൂപയും നോണ്‍ വെജിറ്റേറിയന് 9,180 രൂപയും അധികം ചെലവഴിക്കേണ്ടി വരുന്നുവെന്നും ക്രിസില്‍ റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Infla­tion spikes again: Veg­e­tar­i­an thali hikes by 10 percent

You may also like this video

Exit mobile version