Site iconSite icon Janayugom Online

വിലക്കയറ്റത്തില്‍ ആശ്വാസമായി സപ്ലൈകോ വില്പനശാലകൾ

യുദ്ധവും ചില സംസ്ഥാനങ്ങളിലെ കൃഷിനാശവും ഉല്പാദനക്കുറവും മൂലം കേരളത്തിലെ പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. ഇതിനിടയിൽ, വലിയ തോതിൽ ജനങ്ങൾക്കു താങ്ങാവുന്നത് സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനമാണ്.

കേരളത്തിലേക്കു പലചരക്കു സാധനങ്ങളിൽ അധികവുമെത്തുന്ന ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ കൃഷിനാശവും അതുമൂലമുണ്ടായ ഉല്പാദനക്കുറവുമാണ് കേരളത്തിലെ ഓപ്പൺ മാർക്കറ്റിനെ ദോഷമായി ബാധിച്ചത്. പുറമെ, യുദ്ധത്തിന്റെ സാഹചര്യം കൂടിയായതോടെ അതിന് ആക്കം കൂടി. തക്കം കണ്ട് ആന്ധ്രയിലെയും കർണാടകത്തിലെയും പൂഴ്‌ത്തിവയ്പുകാരും കരിഞ്ചന്തക്കാരും രംഗത്തിറങ്ങിയതും ദോഷമായി.

യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ കുറവു വന്നതോടെ അവയുടെ വിലയിൽ വലിയ വർധനവാണുണ്ടായത്. 130 രൂപയുണ്ടായിരുന്ന ഒരു കിലോ സൂര്യകാന്തി എണ്ണയുടെ വില ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 190 ആയി ഉയർന്നു. ഇന്തോനേഷ്യ പാമോയിലിന്റെ കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തിയതോടെ അവയുടെ വില 160 രൂപയ്ക്കു മുകളിലായി. ഒരാഴ്ച മുമ്പ് 120 രൂപയായിരുന്നു ഒരു കിലോ പാമോയിലിന്റെ വില. സൂര്യകാന്തി എണ്ണയുടെയും പാമോയിലിന്റെയും വില കുതിച്ചതോടെ അതിനനുസൃതമായി വെളിച്ചെണ്ണ വിലയും ഉയർന്നു. ഒരു കിലോ വെളിച്ചെണ്ണയുടെ വില 190 രൂപ.

അതേസമയം, സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി നിരക്കിലുള്ള കേരവെളിച്ചെണ്ണ അര കിലോഗ്രാമിനു 46 രൂപയും സബ്സിഡി ഇല്ലാത്തതിനു കിലോയ്ക്കു 170 രൂപയുമാണ്. പൊതു വിപണിയിൽ കിലോയ്ക്ക് 160 രൂപ വിലയുണ്ടായിരുന്ന വറ്റൽ മുളക് 240 രൂപയിലേക്കു കുതിച്ചപ്പോൾ സപ്ലൈകോയിൽ സബ്സിഡിയില്ലാത്ത ഒരു കിലോ വറ്റൽ മുളകിന് 166 രൂപയേയുള്ളു. സബ്സിഡി നിരക്കിലാണെങ്കിൽ അര കിലോയ്ക്ക് 39.50. ഓപ്പൺ മാർക്കറ്റിൽ 90 രൂപയിൽ നിന്നു 140 രൂപയിലെത്തിയ മല്ലിക്ക് സപ്ലൈകോയിലെ സബ്സിഡി ഇല്ലാത്ത വില 114 രൂപ. സബ്സിഡി വില അര കിലോഗ്രാമിനു 41.50 രൂപ. പുറത്ത് 148 രൂപ കിലോഗ്രാമിനു വിലയുള്ള ഗ്രീൻ പീസിനു 136 രൂപയും.

പൊതുവിപണിയിൽ വെളുത്തുള്ളിയുടെ വില കിലോഗ്രാമിനു 100 രൂപയായും പെരുംജീരകത്തിനു 250 രൂപയായും ജീരകത്തിനു 260 രൂപയായുമാണ് വർധിച്ചിട്ടുള്ളത്. നേരത്തേ ഇവയുടെ വില യഥാക്രമം 60, 200, 230 എന്നിങ്ങനെയായിരുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിലവിൽ വില്പനയ്ക്കില്ലാത്ത ഉള്ളി വർഗങ്ങൾ കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Eng­lish Sum­ma­ry:  Infla­tion: Sup­ply­co out­lets for relief

You may like this video also

Exit mobile version