Site iconSite icon Janayugom Online

‘ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് വിശ്വാസപ്രചാരണം നടത്തിയ കാർലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയൽ തലമുറയില്‍പ്പെട്ട ആളാണ്. 

വിശ്വാസപ്രചാരണത്തിന് വെബ്‌സൈറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സ്വന്തം ജീവിതംകൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് കാർലോ അക്കുത്തിസ്. 2006ൽ മരിച്ച കാർലോ, 11-ാം വയസ്സിൽ അസീസിയിലെ തന്റെ ഇടവകയ്ക്കുവേണ്ടി വെബ്‌സൈറ്റ് ആരംഭിച്ചു. വിശുദ്ധർക്കായി സഭ അംഗീകരിച്ച അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തിയാണ് കാർലോ ശ്രദ്ധേയനായത്. ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കാർലോയുടെ മധ്യസ്ഥതയിൽ ബ്രസീലിൽ നിന്നുള്ള ഒരു കുട്ടിയുടെ രോഗം സുഖപ്പെട്ടുവെന്ന് സഭ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ 2020ൽ കാർലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കോസ്റ്റാറിക്കയിൽ നിന്നുള്ള വലേറിയ എന്ന കൗമാരക്കാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് കാർലോയുടെ മധ്യസ്ഥതയിലെന്ന് സഭ കണക്കാക്കി. ഇത് രണ്ടാമത്തെ അത്ഭുതമായി സഭ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ തീരുമാനമെടുത്തത്.

Exit mobile version