Site iconSite icon Janayugom Online

രാജ്യത്ത് 50 ലക്ഷം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നു; ആഗോളതലത്തില്‍ 29.98 കോടി

datadata

കഴിഞ്ഞ വര്‍ഷം രാജ്യത്തെ 50 ലക്ഷം ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു. പ്രൈവറ്റ് വിര്‍ച്വല്‍ പ്രൊവൈഡറായ സര്‍ഫ്ഷാര്‍ക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഓരോ മിനിറ്റിലും പത്ത് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു. ഓരോ ആയിരം പേരിലും നാല് പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നിന്ന് വിവരചോര്‍ച്ചയുണ്ടാകുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രഹസ്യാത്മകവും നിര്‍ണായകവുമായ വിവരങ്ങള്‍ അംഗീകാരമില്ലാതെ മൂന്നാമതൊരാള്‍ക്ക് ലഭിക്കുന്നതിനെയാണ് വിവരച്ചോര്‍ച്ചയെന്ന് സര്‍ഫ്ഷാര്‍ക് അടയാളപ്പെടുത്തിയിരിക്കുന്നത്. വിവരച്ചോര്‍ച്ചയുണ്ടാകുന്ന അക്കൗണ്ടുകള്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ പാസ്‌വേഡ്, ഫോണ്‍ നമ്പര്‍, ഐപി വിലാസം, സിപ് കോഡ് തുടങ്ങിയവയും നഷ്ടപ്പെടാന്‍ ഇടയാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചയുണ്ടായത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രമുഖ ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാതാക്കളായ കെവല്‍ കിരണ്‍ ക്ലോത്തിങ്ങിലാണ്. 12,32,580 ഉപഭോക്താക്കളുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. രണ്ടാമത്തേത് ഗൃഹോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന റെന്റോമോജോയിലാണ്. ഏപ്രിലിലായിരുന്നു സംഭവം. 11,63,135 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു.

2022ല്‍ ആഗോള വിവരച്ചചോര്‍ച്ചാ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. 123 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ആ വര്‍ഷം മാത്രം ചോര്‍ന്നത്. ഓരോ ആയിരം പേരില്‍ ഒമ്പതുപേരുടെയും ഓരോ മിനിറ്റിലും 23 ഇന്ത്യക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നു. 2022നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിവരച്ചോര്‍ച്ചയില്‍ 56 ശതമാനം ഇടിവുണ്ടായി. ആഗോളതലത്തില്‍ 18 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ല്‍ ആഗോളതലത്തില്‍ 29.98 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വിവരചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്, 967 ലക്ഷം. റഷ്യയാണ് രണ്ടാം സ്ഥാനത്ത് (784 ലക്ഷം). ഫ്രാന്‍സ് (105 ലക്ഷം), സ്പെയിന്‍ (78 ലക്ഷം), ഇന്ത്യ (53 ലക്ഷം), തായ്‌വാന്‍ (40 ലക്ഷം), ഓസ്ട്രേലിയ (35 ലക്ഷം), ഇറ്റലി (34 ലക്ഷം), യുകെ (33 ലക്ഷം), ബ്രസീല്‍ (33 ലക്ഷം) എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളിലെ കണക്കുകള്‍.

Eng­lish Sum­ma­ry: Infor­ma­tion of 50 lakh accounts in the coun­try was leaked
You may also like this video

Exit mobile version