ദീപാവലി ആഘോഷത്തിന്റെ നിറവും മധുരവും നുകർന്നാണ് പാലക്കാട് മണ്ഡലത്തിന്റെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ ഇന്ന് പര്യടനം തുടങ്ങിയത്. പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗങ്ങൾ സന്ദർശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. രാവിലെ ഒലവക്കോട് ഒന്നാം വാർഡിൽ തുടക്കമിട്ട് കല്പാത്തിക്ക് സമീപം മണൽമന്തയിലും തോണിപ്പാളയത്തും കാരക്കാട്ടുപറമ്പിലുമെല്ലാം സ്ഥാനാർത്ഥിക്ക് മധുരം നല്‍കുന്നതിന് ആളുകള്‍ മത്സരിക്കുകയായിരുന്നു. അതിനുശേഷം എസ്റ്റേറ്റിലും പുതുപ്പാളയത്തുമെത്തി പ്രദേശവാസികളോട് വോട്ടഭ്യർത്ഥിച്ചു. ഡോക്ടറുടെ കുഴൽ എന്ന് പാലക്കാട്ടുകാർ സ്നേഹത്താേടെ പറയുന്ന തന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഏറെ സന്തോഷം നൽകുന്നതാണെന്ന് പലരും പറഞ്ഞപ്പോൾ സ്ഥാനാർത്ഥിയും സന്തോഷവാനായി.
എൻകെ പാളയത്തെ ജനങ്ങളോട് വോട്ടു ചോദിച്ച് മാട്ടുമന്തയിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞു. വെെകുന്നേരം പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിലെത്തിയപ്പോൾ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് രക്തഹാരമണിയിച്ച് വരവേറ്റു. പാലക്കാട്ടെ ഇടതുപക്ഷം കാത്തിരുന്ന സ്ഥാനാർത്ഥിയാണ് ഡോ. പി സരിനെന്നും എതിരാളികൾക്ക് കുറ്റം പറയാൻ അവസരം നൽകാത്ത അദ്ദേഹം ഇത്തവണ പാലക്കാടിന്റെ ചരിത്രം മാറ്റിയെഴുതുമെന്നും സുരേഷ് രാജ് പറഞ്ഞു. തൊഴിലാളികളോടും സ്റ്റേഡിയം സ്റ്റാൻഡിലെ സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥിച്ച സരിനൊപ്പം ഏറെ വെെകുന്നതുവരെ സ്റ്റേഡിയം സ്റ്റാന്റിലെ തൊഴിലാളികളും അണിനിരന്നു.