Site iconSite icon Janayugom Online

പരിക്ക് ഒഴിയാബാധ; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്

അര്‍ജന്റീനയ്ക്കും കൊളംബിയയ്ക്കുമെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് നെയ്മര്‍ പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. നെയ്മറിന് പകരം കൗമാരക്കാരനായ റയൽ മാഡ്രിഡ് ഫോർവേഡ് എൻഡ്രിക്കിനെ ടീമിലുള്‍പ്പെടുത്തി. പരിക്ക് മൂലം ഒന്നരവർഷത്തോളം കളത്തിന് പുറത്തായിരുന്ന നെയ്മർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായി മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ഇതോടെയാണ് നെയ്മറിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയത്. 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീലിനായി കളത്തിലിറങ്ങിയത്. അര്‍ജന്റീന‑ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായി. 2023 ഒക്ടോബറില്‍ ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരത്തിന് നീണ്ടകാലം ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്.
‘മടങ്ങിവരവിന് അടുത്തായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജേഴ്സി ഇപ്പോൾ അണിയാനാകില്ല. പരിക്ക് മുഴുവനായി മാറാതെ കളത്തിലിറങ്ങി റിസ്ക് എടുക്കേണ്ട എന്ന് പലരും പറഞ്ഞത് അനുസരിച്ചാണ് ഈ തീരുമാനം’-നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ തുടങ്ങിയ പ്രധാന താരങ്ങള്‍ ബ്രസീല്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ആന്റണിക്ക് ടീമില്‍ ഇടം നേടാനായില്ല. എന്‍ഡ്രിക്ക് ആദ്യം പ്രഖ്യാപിച്ച ടീമിലും ഉണ്ടായിരുന്നില്ല. ഹെഡ് കോച്ച് ഡോറിവൽ ജൂനിയർ മറ്റ് രണ്ട് മാറ്റങ്ങൾ കൂടെ ടീമിൽ വരുത്തിയിട്ടുണ്ട്. ഡാനിലോയ്ക്ക് പകരം ഫ്ലെമെംഗോയുടെ അലക്സ് സാന്ദ്രോയെയും മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണിന് പകരം ഒളിമ്പിക് ലിയോണൈസ് ഗോൾകീപ്പർ ലൂക്കാസ് പെറിയെയും ടീമിലേക്ക് വിളിച്ചു. 2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പിഎസ്ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി ഏഴ് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്.

Exit mobile version