Site icon Janayugom Online

ചിരിയുടെ ചക്രവര്‍ത്തി; ഇരിങ്ങാലക്കുടയുടെ സ്വന്തം ‘ഇന്നച്ചന്‍’

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളസിനിമയില്‍ ചിരിയുടെ വസന്തോത്സവം തീർത്ത അതുല്യ നടന്‍ ഇന്നസെന്റിന്റെ വിയോഗം സിനിമാലോകത്തിന് തീരാനഷ്ടം. സിനിമയിലും ജീവിതത്തിലും അദ്ദേഹത്തിന്റെ ഓരോ വാക്കും ചിരിയുടെ അമിട്ടുകളായിരുന്നു. ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും ചെറുസദസ്സുകളിലും ഫലിതം പറഞ്ഞ് നാട്ടുകാരെ പൊട്ടിച്ചിരിപ്പിച്ച് പിന്നീട് മലയാളസിനിമയില്‍ അരങ്ങ് തകര്‍ത്ത ഇന്നസെന്റ് പകരക്കാരനില്ലാത്തെ അഭിനയശൈലിയുടെ ഉടമയായിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ പ്രത്യേകതകളായിരുന്നു. അതിനെ അനുകരിക്കുന്നവരേറെയുണ്ടെന്നും ആ അഭിനയശൈലിക്ക് ഇന്നും പകരക്കാരനില്ലെന്നതാണ് വാസ്തവം.

ഹാസ്യ നടനായും സഹനടനായും വില്ലനായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഇന്നസെന്റ് 1972‑ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തിലെ കറവക്കാരനാണ് ശ്രദ്ധിക്കപ്പെട്ട വേഷം. പിന്നീട് മലയാളിയുടെ മനസ്സിനെ സ്വാധീനിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍നല്‍കി. അദ്ദേ ഹത്തിന്റെ ഡയലോഗുകള്‍ ആവര്‍ത്തിക്കാത്ത മലയാളി പ്രേക്ഷകര്‍ തന്നെ വിരളമാണ്.
സിനിമയുടെ ആദ്യ കാലയളവില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് ചെറിയ അദ്ദേഹം തെളിയിച്ചിരുന്നു. അതില്‍ ഒന്നാണ് ‘കാബൂളിവാല’ സിനിമയിലെ കന്നാസും കടലാസും. കടലാസായി ജഗതി നിറഞ്ഞാടിയപ്പോള്‍ കന്നാസായി ഇന്നസെന്റും കട്ടയ്ക്ക് പിടിച്ചു നിന്നു. കിലുക്കം, മണിച്ചിത്രത്താഴ്, മനസിനക്കരെ, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ്ഫാദര്‍, കല്യാണ രാമന്‍, ക്രോണിക് ബാച്ചിലര്‍, ഇഷ്ടം, ചന്ദ്രലേഖ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. കാലങ്ങളായി മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തെ പൊളിക്കാന്‍ സാധിച്ച ഒരു വില്ലന്‍ ആയിരുന്നു ഇന്നസെന്റ്. മസിലും പെരുപ്പിച്ച് നായകനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന വില്ലനല്ല, ചെറിയ തമാശകൾ കാണിച്ച് പ്രേക്ഷകരില്‍ അല്‍പ്പം ദേഷ്യമുണ്ടാക്കുന്ന ദുഷ്ടനായ വില്ലനായി ഇന്നസെന്റ് അരങ്ങ് തകർത്തു. ‘മഴവില്‍ കാവടി‘യിലെ ശങ്കരന്‍കുട്ടി മേനോനും ‘കേളി‘യിലെ ലാസറും ‘പൊന്‍മുട്ടയിടുന്ന താറാവി‘ലെ പണിക്കരുമെല്ലാം അതില്‍ ചിലതുമാത്രം.
തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും, പിന്നണി ഗായകനായും സിനിമയുടെ പിന്നണിയിലും ഇന്നസെന്റ് നിറസാന്നിധ്യമായിരുന്നു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. 

ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അഞ്ച് സിനിമകളില്‍ പിന്നണി ഗായകനായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു. ‘മഴവില്‍ കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് 2009 ലെ കേരള സ്റ്റേറ്റ് ക്രിട്ടിക് അവാർഡും അദ്ദേഹം നേടി. മലയാളത്തിനുപുറമെ തമിഴ്,കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ദൈവത്തെ ശല്യപ്പെടുത്തരുത്,കാൻസർ വാർഡിലെ ചിരി, ചിരിക്കു പിന്നിൽ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Exit mobile version