ഇന്ത്യന്‍ നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തേകി പുതിയ ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍ വാഹിനിയായ അരിഘട്ട്. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യ സ്ട്രാറ്റജിക്ക് കമാൻഡ് മേധാവി വൈസ് അഡ‌്മിറൽ സൂരജ് ബെറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അരിഹന്ത് ക്ലാസ് വിഭാഗത്തില്‍ പെടുന്ന അന്തര്‍ വാഹിനിയാണ് ഐഎന്‍എസ് അരിഘട്ട്. 2018ല്‍ കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് അരിഹന്ത് ആണ് നിലവില്‍ ഇന്ത്യയുടെ ഏക ആണവ അന്തര്‍ വാഹിനി. 750 കിലോ മീറ്റര്‍ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാന്‍ അരിഘട്ടിന് ശേഷിയുണ്ട്. പുറമെ ടോർപിഡോ സംവിധാനവും അരിഘട്ടിൽ സജ്ജമാണ്.
112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഉപരിതലത്തിൽ പരമാവധി 12–15 നോട്ട്, വെള്ളത്തിനടിയിൽ 24 നോട്ട് വരെ വേഗം കൈവരിക്കാന്‍ അരിഘട്ടിന് കഴിയും. 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടര്‍ റിയാക്ടറാണ് കരുത്തേകുന്നത്. പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍ വാഹിനികളില്‍ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയില്‍ തന്നെ തുടരാന്‍ ഇത് അരിഘട്ടിനെ സഹായിക്കും. ഐഎന്‍എസ് അരിദമന്‍ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈല്‍ വാഹക അന്തര്‍ വാഹിനിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.