ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹ വിക്ഷേപണം വിജയം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി എഫ് 14 റോക്കറ്റാണ് വൈകുന്നേരം 5.35ന് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3ഡിഎസ്. ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്എല്‍വി-എഫ്14 എത്തിച്ചത്.
വിക്ഷേപിച്ച് 19-ാം മിനിറ്റിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഘട്ടംഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് അടുത്ത ലക്ഷ്യം. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് അഭിനന്ദിച്ചു.
കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഭൗമ‑സമുദ്ര ഉപരിതല നിരീക്ഷണം എന്നീ സേവനങ്ങളാണ് ഇൻസാറ്റ്-3ഡിഎസ് നല്‍കുക. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏകദേശം 480 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. കടലിലെയും കരയിലെയും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കല്‍, ഓട്ടോമാറ്റിക് ഡാറ്റ കളക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കല്‍ എന്നിവയ്ക്കും ഇൻസാറ്റ്-3ഡിഎസ് സഹായകമാകും. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’(വികൃതിക്കുട്ടൻ) എന്ന ജിഎസ്എല്‍വി റോക്കറ്റിന്റെ 16-ാം ദൗത്യം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടതോടെയാണ് റോക്കറ്റിന് വികൃതിക്കുട്ടൻ എന്ന പേര് ലഭിച്ചത്.
English Summary:INSAT-3DS launch success
You may also like this video