Site icon Janayugom Online

ഹുവാവെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

ചൈനീസ് ടെലികോം കമ്പനിയായ ഹുവാവെയുടെ ഇന്ത്യയുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരു ഓഫീസുകളിലാണ് പരിശോധന. കമ്പനിയുടെ ഇന്ത്യയിലേയും വിദേശത്തേയും ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സാമ്പത്തിക രേഖകള്‍, അക്കൗണ്ട് ബുക്കുകള്‍ തുടങ്ങിയവ സംഘം പിടിച്ചെടുത്തു.

കമ്പനിയിലെ മുതിര്‍ന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നതായി ഹുവാവെയും സ്ഥിരീകരിച്ചു.

ഇന്ത്യയിലെ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെടുമെന്നും പരിശോധനയോട് പൂര്‍ണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

മെയ് മാസത്തില്‍ 5ജി പദ്ധതിയുടെ ട്രയലില്‍ നിന്ന് ഹുവാവെയേയും മറ്റൊരു ചൈനീസ് ടെലകോം കമ്പനിയായ ഇസഡ്ടിഇയെയും ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഹുവാവെയും ഇസഡ്ടിഇയും നിര്‍മിക്കുന്ന ടെലികോം ഉപകരണങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും ടെലികോം ഓപ്പറേറ്റര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഡിസംബറില്‍ ഷവോമി, ഓപ്പോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. രണ്ടു കമ്പനികളിലുമായി 5500 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തുകയും ചെയ്തു.

eng­lish summary;Inspection by the Income Tax Depart­ment at Huawei Offices

you may also like this video;

Exit mobile version