കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും എംഡിഎംഎയുമായി പിടികുടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി മുനാഫിസ് കെ പി (29), തൃശൂർ സ്വദേശി ധനൂപ് എ കെ (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
ധനൂപിനെയും അതുല്യയെയും കോഴിക്കോടുള്ള സ്വകാര്യ ലോഡ്ജിൽ നിന്ന് 36 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. മാവൂർറോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയുമായി മുനാഫിസിനെ പിടികുടിയത്. എംടെക് വിദ്യാർത്ഥിയായ ഇയാള്‍ ബാംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ്. 700 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് ഇയാൾക്കെതിരെ ബംഗളൂരിലും ഹാഷിഷുമായി പിടികൂടിയതിന് ദുബായിലും കേസുണ്ട്. ബംഗളൂരിൽ എത്തുന്ന യുവതി യുവാക്കൾക്ക് ഇയാള്‍ ലഹരി എത്തിച്ച് കൊടുത്തിരുന്നു. ലഹരി വില്‍പനയെ കുറിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.

