Site iconSite icon Janayugom Online

പമ്പാ സ്‌നാനം: എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. സ്‌നാനത്തിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളില്‍ അനുമതി നല്‍കാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടിതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു. സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ആറാട്ട്കടവ് വിസിബി മുതല്‍ ത്രിവേണി പാലം വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. നദിയുടെ ഒഴുക്കും ആഴവുമറിയുന്നതിന് ആളെയിറക്കിയുള്ള പരിശോധനയും നടത്തി. പമ്പ പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ആമോസ് മാമന്‍, അസി. സ്‌പെഷല്‍ ഓഫീസര്‍ കെ കെ സജീവ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് രാജേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഗോപകുമാര്‍, ഫയര്‍ ഫോഴ്‌സ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു.
eng­lish sum­ma­ry; Inspec­tion led by ADM in Pampa
you may also like this video;

Exit mobile version