സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഷോറൂമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധന വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത് പവര്‍ കൂട്ടി വില്പന നടത്തുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. സൗരോർജ സാധ്യതകളെപ്പറ്റി അനെർട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സൂര്യകാന്തി 2023 അനെർട്ട് എക്‌സ്‌പോയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് മിന്നല്‍ പരിശോധനയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ ചെയ്തു നല്‍കുമ്പോള്‍ ചില വാഹന നിര്‍മ്മാതാക്കള്‍ അതിനെ ചൂഷണം ചെയ്യാനും അട്ടിമറിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
25 കിലോമീറ്റര്‍ സ്പീഡ് വരെയുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ടാക്സ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ആവശ്യമില്ല. ഇങ്ങനെ ചില ആനുകൂല്യം നല്‍കുന്നത് ഇലക്ട്രിക് സ്കൂട്ടറുകള്‍ വ്യാപിപ്പിക്കുവാനാണ്. എന്നാല്‍ ചില വാഹന നിര്‍മ്മാതാക്കളെങ്കിലും ഈ അവസരം ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തില്‍ വ്യാപകമായി മോട്ടോര്‍വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ പരിശോധിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് 22 ഷോറൂമുകള്‍ പൂട്ടേണ്ടി വന്നു.
കേരളത്തില്‍ ഈ വെട്ടിപ്പ് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ഇത് ക്രിമിനല്‍ കുറ്റമാണെന്നും വെട്ടിപ്പ് നടത്തിയ കേസുകള്‍ പൊലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. സ്കൂട്ടര്‍ ഉല്പാദകര്‍ ആണ് ഇത് ചെയ്തതെങ്കില്‍ നൂറ് കോടി രൂപ പിഴ ഈടാക്കും. ലൈസന്‍സ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങള്‍ കൊച്ചി നഗരത്തില്‍ 48 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്നാതായി ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷനും ആവശ്യമില്ല. ഇത് ഓടിക്കാന്‍ ലൈസന്‍സും ആവശ്യമില്ല. ഇത്തരം വാഹനങ്ങള്‍ അപകടമുണ്ടാക്കിയാല്‍ കേസെടുക്കാന്‍ പൊലീസിനും സാധിക്കില്ല. ഇത്തരത്തില്‍ വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.
English Summary;Inspection will be extended to electric vehicle showrooms: Minister Antony Raju
You may also like this video