Site iconSite icon Janayugom Online

കുതിക്കുന്നു ഇന്‍സുലിന്‍ വില; നാലുവര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം വര്‍ധന

ഇൻസുലിൻ വില കൂടുന്നത് രാജ്യത്തെ പ്രമേഹ രോഗ നിയന്ത്രണത്തില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി പഠനം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇൻസുലിൻ വില കുറഞ്ഞത് 50 ശതമാനം വർധിച്ചിട്ടുണ്ട്.

‘ലോകത്തിന്റെ പ്രമേഹ തലസ്ഥാനം’ എന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ മൊത്തം പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ 17 ശതമാനം ഇന്ത്യയിലാണ്. പ്രമേഹത്തെ പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന ഏറ്റവും ശക്തമായ മരുന്നുകളിലൊന്നാണ് ഇൻസുലിൻ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് ഇൻസുലിൻ ചെയ്യുന്നത്.

ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഹോർമോണാണ് ഇൻസുലിൻ. ആരോഗ്യമുള്ള ഒരു വ്യക്തി തന്റെ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ സ്വയം ഉല്പാദിപ്പിക്കുന്നു. എന്നാൽ ടൈപ്പ് 1 പ്രമേഹ രോഗികളായ ആളുകളുടെ ശരീരം അതിന് ആവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നില്ല. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഇൻസുലിൻ കുത്തിവയ്ക്കേണ്ടതുണ്ട്.

ടൈപ്പ് 2 പ്രമേഹ രോഗികളായ ആളുകളുടെ ശരീരം കുറച്ച് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികളായ ചിലർക്കും ഇൻസുലിൻ കുത്തിവയ്പ്പ് വേണ്ടിവരും. രാജ്യത്ത് ഏകദേശം 80 ദശലക്ഷം പ്രമേഹരോഗികളുണ്ട്, 2045 ഓടെ ഇത് 135 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

സനോഫി, എലി ലില്ലി, നോവോ നോർഡിസ്ക് എന്നിവയാണ് ഇൻസുലിൻ വിപണി നിയന്ത്രിക്കുന്ന മുൻനിര ബഹുരാഷ്ട്ര ഫാർമ കമ്പനികൾ. ലോക ഇന്‍സുലിന്‍ വിപണിയുടെ 90 ശതമാനവും ഈ മൂന്ന് കമ്പനികളുടേതാണ് ഇക്കാരണത്താല്‍ വില നിയന്ത്രിക്കുന്നതും ബഹുരാഷ്ട്ര കമ്പനികള്‍ തന്നെയാണ്.

ബയോകോണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുണ്ടെങ്കിലും വിപണിയിലെ സാന്നിധ്യം കുറവാണ്. അതേസമയം ബയോസിമിലാർ ഇൻസുലിൻ അവതരിപ്പിച്ചത് 20 മുതല്‍ 40 വരെ കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കാൻ സഹായിച്ചതായും സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Eng­lish summary;Insulin prices increase

You may also like this video;

Exit mobile version