നവോത്ഥാന നായകന്‍ മഹാത്മാ അയ്യൻകാളിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് പരാതി നല്‍കിയത്.
പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും നിര്‍ദേശം നല്‍കി.
അയ്യൻകാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജിനെതിരെ കുന്ദമംഗലം മുന്‍ എംഎല്‍എ യുസി രാമനും പരാതി നല്‍കിയിരുന്നു. തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ മഹാത്മാ അയ്യന്‍കാളിയെ അവഹേളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന പോരാട്ട നായകനായ മഹാത്മാ അയ്യന്‍കാളി നവോത്ഥാന കേരളത്തിന്റെ അടയാളമായി ഓരോ മലയാളിയും മനസിൽകൊണ്ട് നടക്കുന്ന മഹത് വ്യക്തിത്വമാണ്. അദ്ദേഹത്തെ അവഹേളിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് ‘കുകുച’ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ സംഘർഷങ്ങൾ ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് എഐവൈഎഫ് മനസിലാക്കുന്നു. സംഭവത്തില്‍ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.
English Summary: insulting ayyankali police registered case
You may also like this video