സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, സംസ്ഥാന ഇൻഷുറൻസ് വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്‌റ എസ് ദീപ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡെപ്യുട്ടി ജനറൽ മാനേജർ ജെന്നി പി ജോൺ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതിയിലെ ആദ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റും ചടങ്ങിൽ പ്രകാശനം ചെയ്‌തു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി പദ്ധതിയുമായി സംയോജിപ്പിച്ച് ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വർഷം ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 50 ശതമാനവും, പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്സിഡി നൽകും.
യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷുറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്. 65,000 രൂപ മതിപ്പ് വിലയുള്ള കാലിക്ക് ഒരുവർഷ പ്രീമിയം 2912 രൂപയായിരിക്കും. ഇതിൽ പൊതുവിഭാഗത്തിലെ കുടുംബം 1456 രുപ അടച്ചാൽ മതി. തുല്യ തുക സർക്കാർ വഹിക്കും. പട്ടികവിഭാഗ കുടുംബമാണെങ്കിൽ 874 രൂപ പ്രീമിയം നൽകിയാൽ മതിയാകും. 2038 രൂപ സർക്കാർ വഹിക്കും. മൂന്നു വർഷ പ്രീമിയത്തിനും ഇതേ നിരക്കിൽ സബ്‌സിഡി ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയിൽ കർഷകർക്കുള്ള പേർസണൽ ആക്‌സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കർഷകന് ലഭിക്കുന്ന പേർസണൽ ആക്‌സിഡന്റൽ ഇൻഷുറൻസ് കവറേജ്. ഒരു ലക്ഷം രൂപയ്‌ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കർഷകൻ നൽകേണ്ടത്.