Site icon Janayugom Online

വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വിതരണം ചെയ്തു

വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. കുവൈറ്റിൽ മരിച്ച തൃശൂർ ഇരിങ്ങാലക്കുട പുതുപ്പറമ്പിൽ വീട്ടിൽ സുന്ദരരാജന്റെ ഭാര്യ ലിജിയ്ക്കും ആലപ്പുഴ എടത്വ വെട്ടത്തേത്ത് തെക്കതിൽ രാജേഷ് ശ്രീധരന്റെ ഭാര്യ രാജിമോൾക്കും ഇന്‍ഷുറന്‍സ് തുകയായ നാലു ലക്ഷം രൂപ വീതമാണ് നോർക്ക റൂട്ട്സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി കൈമാറിയത്. 

പ്രവാസി ഇൻഷുറൻസ് പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം 16 പേർക്കായി 35.8 ലക്ഷം രൂപയും ഈ സാമ്പത്തിക വർഷം ഇതുവരെ അഞ്ച് പേർക്ക് 18 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്. നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് ജീവാപായം സംഭവിച്ചാൽ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വർഷമാണ് കാർഡിന്റെ കാലാവധി. 

18 മുതൽ 70 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയിൽ അംഗമാവുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www. norka­roots. org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനവും ലഭ്യമാണ്. 

Eng­lish Summary:Insurance was dis­trib­uted to the fam­i­lies of expa­tri­ates who died in road accidents
You may also like this video

Exit mobile version