ഒരിടവേളയ്ക്ക് ശേഷം കലാപത്തീയില്‍ മണിപ്പൂര്‍ കത്തുന്നു. കുക്കി-മെയ്തി സംഘര്‍ഷങ്ങളും അക്രമവും വീണ്ടും രൂക്ഷമായതോടെ മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസമുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും ഇംഫാലില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.
ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ്, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കാങ്‌പോക്പിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകള്‍ അക്രമികള്‍ തീയിട്ടു. പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രദേശത്ത് ബോംബേറുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി സിആര്‍പിഎഫ് സംഘത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു.
മെയ്തി വിഭാഗം വിദ്യാര്‍ത്ഥി സംഘടന തിങ്കളാഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. ഇന്നലെയും ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നിലേക്ക് ധര്‍ണ നടത്തി. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസത്തെ സമരത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മണിപ്പൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. വിദ്യാര്‍ത്ഥി നേതാക്കളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. സുഗ്ണു മേഖലയിലും വെടിവയ്പ് ഉണ്ടായി. ചുരാചന്ദ്പൂരിൽ നിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെടുത്തു.
കാങ്പോക്പി ജില്ലയിൽ കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് 46 വയസുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. തങ്ബൂഹ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു. ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിലാണ് ബോംബ് സ്ഫോടനത്തിലേറ്റ മുറിവുകളോടെ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സമീപത്തെ സ്കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കാങ്പോക്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബിരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിതാ സംഘടനകൾ കേന്ദ്ര സർക്കാരിനും പരാതി സമര്‍പ്പിച്ചു.
അസം റൈഫിള്‍സിനെ പിന്‍വലിച്ചു; പകരം സിആര്‍പിഎഫ്
മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നതിനിടെ അസം റൈഫിൾസിനെ പിന്‍വലിച്ച് സിആർപിഎഫിനെ വിന്യസിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അസം റൈഫിൾസിന്റെ രണ്ടു ബറ്റാലിയനുകൾക്ക് പകരമാണ് സിആർപിഎഫ് സംഘത്തെ വിന്യസിക്കുക. തെലങ്കാനയിലെ വാറങ്കലിൽ നിന്നും 58-ാം ബറ്റാലിയനും ഝാർഖണ്ഡിലെ ലത്തേഹാറിൽ നിന്ന് 112 നമ്പർ ബറ്റാലിയനും മണിപ്പൂരിലേക്ക് നീങ്ങും. ഒരു യൂണിറ്റ് ചുരാചന്ദ്പൂരിലെ കാങ്‌വായിലും രണ്ടാം യൂണിറ്റ് ഇംഫാലിന് ചുറ്റുമായും നിലയുറപ്പിക്കുമെന്നും സിആർപിഎഫ് അറിയിച്ചു.
അസം റൈഫിള്‍സ് കുക്കി വിഭാഗത്തിന് അനുകൂലനിലപാട് സ്വീകരിക്കുന്നുവെന്നും പിന്‍വലിക്കണമെന്നും മെയ്തി വിഭാഗം സംഘടനകള്‍ ഏറെക്കാലമായി ആവശ്യം ഉന്നയിച്ചിരുന്നു. ബിരേന്‍ സിങ് സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലും ഈ വിഷയം ഉയര്‍ത്തിയിരുന്നു. അസം റൈഫിള്‍സിനെതിരെ സംസ്ഥാന പൊലീസ് കേസെടുക്കുന്ന സംഭവം വരെയുണ്ടായി. അതേസമയം കുക്കി സംഘടനകള്‍ അസം റൈഫിള്‍സിനെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു. അസം റൈഫിള്‍സ് പിന്മാറുന്നതോടെ മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളായേക്കുമെന്ന് കുക്കി സംഘടനകള്‍ പറയുന്നു.
മണിപ്പൂരിൽ നിന്ന് പിന്‍വലിക്കുന്ന അസം റൈഫിൾസിന്റെ ബറ്റാലിയനുകൾ നാഗാലാൻഡിലേക്കും അരുണാചൽ പ്രദേശിലേക്കുമാണ് വിന്യസിക്കുക. പിന്നീട് രണ്ട് ബറ്റാലിയനുകൾ ജമ്മു കശ്മീരിലേക്ക് മാറുകയും ചെയ്യും.
അതേസമയം ക്രമസമാധാനപാലനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണിപ്പൂരിലേക്ക് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) യൂണിറ്റുകളെ അധികമായി വിന്യസിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.