ഭാരതത്തിന്റെ പുരാതന സമുദ്രയാത്രാ പൈതൃകം ലോകത്തിന് മുന്നിൽ വീണ്ടും അവതരിപ്പിക്കാൻ ഇന്ത്യൻ നാവികസേനയുടെ പായക്കപ്പൽ ‘ഐഎൻഎസ്വി കൗണ്ഡിന്യ’ ചരിത്രയാത്ര ആരംഭിച്ചു. ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്കാണ് ഈ വിസ്മയ കപ്പലിന്റെ കന്നി യാത്ര. ആധുനിക എൻജിനുകളോ ലോഹ ആണികളോ ഒന്നുമില്ലാതെ, പൂർണ്ണമായും കാറ്റിന്റെ ദിശയും പായകളും ഉപയോഗിച്ചാണ് ഈ കപ്പൽ സമുദ്രം കുറുകെ കടക്കുന്നത്.
അഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ കപ്പൽ നിർമ്മാണ രീതിയായ ‘ടങ്കെയ്’ ഉപയോഗിച്ചാണ് കൗണ്ഡിന്യ നിർമ്മിച്ചിരിക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളിലെയും പുരാതന ഗ്രന്ഥങ്ങളിലെയും വിവരണങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കപ്പല്‍ പുനഃസൃഷ്ടിച്ചത്. മരപ്പലകകൾ ലോഹ ആണികൾക്ക് പകരം കയറുകൾ ഉപയോഗിച്ചാണ് തുന്നിച്ചേർത്തിരിക്കുന്നത്. വെള്ളം ഉള്ളിലേക്ക് കയറാതിരിക്കാൻ പഞ്ഞിയും എണ്ണകളും പ്രകൃതിദത്ത റെസിനുകളും ഉപയോഗിച്ചിരിക്കുന്നു.
ഗോവയിലെ ഷിപ്പ് യാർഡിലായിരുന്നു നിര്‍മ്മാണമെങ്കിലും കേരളത്തിലെ പ്രശസ്ത കപ്പൽ നിർമ്മാതാവായ ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പൽ യാഥാർത്ഥ്യമാക്കിയത്. ഒന്നാം നൂറ്റാണ്ടിൽ മെക്കോങ് ഡെൽറ്റയിലേക്ക് സമുദ്രയാത്ര നടത്തി ഇന്നത്തെ കംബോഡിയയിൽ ‘ഫുനാൻ’ രാജ്യം സ്ഥാപിച്ച ഇന്ത്യൻ നാവികനായ കൗണ്ഡിന്യയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക സ്വാധീനം തെക്കുകിഴക്കൻ ഏഷ്യയിൽ എത്തിച്ച ആദ്യകാല നാവികരിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
സാംസ്കാരിക മന്ത്രാലയവും നാവികസേനയും സംയുക്തമായി നടത്തുന്ന ഈ പദ്ധതി, ഇന്ത്യയും പശ്ചിമേഷ്യയും തമ്മിലുണ്ടായിരുന്ന പുരാതന വ്യാപാര പാതകളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. 15 നാവികരടങ്ങുന്ന സംഘമാണ് കപ്പലിലുള്ളത്. കപ്പലിന്റെ സുരക്ഷയും കരുത്തും ഉറപ്പാക്കാൻ ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനങ്ങളും പൂർത്തിയാക്കിയിരുന്നു. 2025 മേയ് മാസത്തിൽ കപ്പൽ നാവികസേനയുടെ ഭാഗമായി.
കപ്പലിന്റെ പായകളിൽ സൂര്യന്റെ രൂപവും, മുൻഭാഗത്ത് പുരാതന സിംഹ യാലി രൂപവും കൊത്തിവെച്ചിട്ടുണ്ട്. കൂടാതെ ഹരപ്പൻ ശൈലിയിലുള്ള കല്ല് നങ്കൂരവും കദംബ രാജവംശത്തിന്റെ ചിഹ്നമായ ‘ഗന്ധഭേരുണ്ഡനും’ കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാറ്റിൽ പായ വിരിച്ച് ചരിത്രത്തിലേക്ക്; ഐഎൻഎസ്‌വി കൗണ്ഡിന്യ’ ഒമാനിലേക്ക് യാത്ര തുടങ്ങി

