മഹാരാഷ്ട്ര സ്വദേശികള്‍ താമസിച്ചുവന്നിരുന്ന കോഴിക്കോടുള്ള ഫ്ലാറ്റില്‍നിന്ന് ഇന്റലിജൻ്സ് പിടിച്ചെടുത്തത് മൂന്ന് കോടിയിലധികം രൂപ. പേരാമ്പ്ര ചിരുതകുന്നിൽ ഫ്ലാറ്റിൽ താമസിക്കുന്ന സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരുടെ വസതിയില്‍നിന്നാണ് 3.22 കോടി രൂപ കണ്ടെടുത്തത്. പിന്നാലെ ഡി ആർ ഐ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സ്വദേശികളാണെങ്കിലും ഏറെക്കാലമായി ഇവര്‍ ഇവിടെയാണ് താമസം. ഫ്ലാറ്റിലുണ്ടായിരുന്ന ഹോണ്ട വെന്യു കാറും സംഘം കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കാറിന്റെ രഹസ്യ അറയിലാണ് ഭൂരിഭാഗം പണവും സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടിലോ സ്വർണക്കള്ളക്കടത്ത് വഴിയോ ലഭിച്ച പണമാണ് ഇതെന്നാണ് സംശയിക്കുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ഡി ആർ ഐ സംഘം ചൊവ്വാഴ്ച രാവിലെയാണ് പേരാമ്പ്രയിലെത്തിയത്. താമരശ്ശേരി നിന്നും പ്രതികളുടെ വാഹനത്തെ പിന്തുടർന്നാണ് സംഘം പേരാമ്പ്രയിലെത്തിയത്. ഡി ആർ ഐ മഹാരാഷ്ട്ര യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് യൂണിറ്റുകളുമായി ചേർന്നാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകും വരെ തുടർന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്നും പേരാമ്പ്രയിലെത്തി ഇവിടെ സ്ഥിര താമസമാക്കിയ ഇവർ സ്വർണക്കടകളിൽ നിന്നും പുറത്തുള്ള ആളുകളിൽ നിന്നും പഴയ സ്വർണം വിലക്കെടുത്ത് ഉരുക്കി പുതിയ ആഭരണങ്ങൾ നിർമിച്ചു നൽകുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.