Site iconSite icon Janayugom Online

ഇന്റര്‍മയാമിക്ക് സമനില; മെസിക്ക് റെക്കോഡ് ഗോള്‍

റെക്കോഡ് ഗോള്‍ നേട്ടത്തോടെ സൂപ്പർ താരം ലയണല്‍ മെസി തിളങ്ങിയെങ്കിലും ഇന്റർമയാമിക്ക് സമനില. ടൊറൻഡോ എഫ്‌സിക്കെതിരായ മത്സരം 1–1 ന് അവസാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടുഗോളുകളും. ഫെഡറികോ ബെർണാഡെഷിയിലൂടെ ടൊറൻഡോയാണ് ആദ്യം ലീഡെടുത്തത്. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുമുമ്പില്‍ നിന്ന് ജോര്‍ഡി ആല്‍ബ നല്‍കിയ പാസ് മെസി ഒന്നാന്തരം ഇടങ്കാലൻ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു. ഗോള്‍ നേട്ടത്തോടെ ഇന്റർമയാമിയുടെ എക്കാലത്തെയും മികച്ചഗോള്‍ വേട്ടക്കാരനായും മെസി മാറി. 44 ഗോളുകള്‍ നേടിയ മെസി മുൻ അർജന്റീന താരം ഗോണ്‍സാലോ ഹിഗ്വെയിനെയാണ് മറികടന്നത്. വെറും 29 മത്സരങ്ങളില്‍ നിന്നായിരുന്നു മെസിയുടെ നേട്ടം. 20 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കരിയറിലെ 856-ാം ഗോള്‍ കൂടെയാണ് ഇന്നലെ പിറന്നത്. 

മത്സരത്തിന്റെ 39-ാം മിനിറ്റിൽ മെസി ഗോൾ നേടിയിരുന്നുവെങ്കിലും ഫൗളിനെത്തുടര്‍ന്ന് വാര്‍ ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയിലും മെസി മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞെങ്കിലും സഹതാരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ വിജയം അകന്നുനിന്നു. ആറു മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഇന്റർ മയാമി നിലവില്‍ രണ്ടാം സ്ഥാനത്താണ്. മൂന്നു പോയിന്റ് മാത്രമുള്ള ടൊറൻഡോ 14-ാം സ്ഥാനത്താണ്. 

Exit mobile version