Site iconSite icon Janayugom Online

അരിവില കൂട്ടി ഇതര സംസ്ഥാന ലോബി

കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന അരിയിനങ്ങളുടെ വില തോന്നുംപടി വർദ്ധിപ്പിച്ച് ഇതര സംസ്ഥാന അരി ലോബിയുടെ പകൽക്കൊള്ള. പ്രകൃതിക്ഷോഭം മൂലമുണ്ടായ കൃഷിനാശം മുതലെടുത്ത് അവിടങ്ങളിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വന്‍തോതില്‍ നടക്കുകയാണ്. കൃഷിനാശവും കർഷകർ തുടർന്ന് കൃഷിയിറക്കാൻ മടിക്കുന്നതും താങ്ങാനാവാത്ത കടത്തുകൂലിയും മറ്റുമാണ് ഇവയൊക്കെയാണ് വിലവർദ്ധനവിനു കാരണമായി മൊത്തക്കച്ചവടക്കാരും മില്ലുടമകളും അടങ്ങുന്ന അരിലോബി പറയുന്നത്. കൃഷിനാശത്തിനു പുറമെ, ചെറുകിട അരിമില്ലുകൾ പ്രവർത്തിക്കാത്തതാണ് കർണാടകയിലെ കച്ചവടക്കാർ വില കൂട്ടുന്നതിനു കാരണമാക്കുന്നത്. 

ആന്ധ്ര, തെലങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതും കേരളീയർ കൂടുതലായി ഉപയോഗിക്കുന്നതുമായ ജയ, മട്ട, സുരേഖ എന്നീ അരിയിനങ്ങളുടെ വിലയിലാണ് വലിയ വർദ്ധനവ്. ഇതിൽത്തന്നെ ജയ അരിയുടെ വരവും കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മട്ട, ജയ, സുരേഖ അരികൾക്കു കിലോഗ്രാമിന് പത്തും നാലും രണ്ടും രൂപയുടെ വീതം വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വില്പനശാലകളിലെത്തുമ്പോൾ പിന്നെയും വിലയിൽ വ്യത്യാസമുണ്ടാകും. വില ഇനിയും കൂടാനാണ് സാദ്ധ്യതയെന്നാണ് കേരളത്തിലെ വ്യാപാരികളുടെ വിലയിരുത്തൽ. 

തങ്ങൾ പറയുന്ന വിലയ്ക്ക് വേണമെങ്കിൽ എടുത്താൽ മതി, കാത്തിരുന്നാൽ ഇനിയും വില കൂടും എന്ന രീതിയിലാണ് വൻകിട മൊത്തവ്യാപാരികളുടെ ഇടപെടലെന്നും അവർ പറയുന്നു. ആന്ധ്രയുടെയും തെലുങ്കാനയുടെയും മറ്റും തീരമേഖലകളിലും കർണാടകയിലും മഴക്കെടുതി മൂലം വിളവ് നശിച്ചത് അനുഗ്രഹമായത് ആ സംസ്ഥാനങ്ങളിലെ കൊള്ള ലാഭക്കാർക്കാണ്. കോവിഡ് കാലത്ത് വിപണികൾ പ്രവർത്തിക്കാതായതോടെ കർഷകരെ ചൂഷണം ചെയ്ത് നിസ്സാര വിലയ്ക്കു വാങ്ങി ശേഖരിച്ചിരുന്ന അരിയാണ് ഇപ്പോൾ തീവിലയ്ക്കു കേരളത്തിൽ വില്ക്കുന്നത്. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ ആ സംസ്ഥാനങ്ങളിലെ സർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കാത്തതും വൻകിട കച്ചവടക്കാർക്കു സഹായമാകുന്നു. 

Eng­lish Sum­ma­ry: Inter-state lob­by rais­es rice prices
You may also like this video

Exit mobile version