Site iconSite icon Janayugom Online

അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

democracydemocracy

അഡാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധിച്ച എംപിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു സഭകളിലും പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധമാണ് ഇന്നലെ ഉയര്‍ന്നത്. സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറും നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടില്ല. ഇരു സഭകളും സ്തംഭിക്കുന്ന കാഴ്ച തുടര്‍ന്നു.
സഭയുടെ മേശപ്പുറത്തു വയ്ക്കാനുള്ള റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും സര്‍ക്കാരിന്റെ ഔദ്യോഗിക നടപടി ക്രമങ്ങളും ഒഴിച്ച് നടപടികള്‍ പൂര്‍ണമായും സ്തംഭിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തിന് കൂടുതല്‍ കരുത്തു പകരുകയും ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ച് വിജയ് ചൗക്കിനു മുന്നില്‍ പൊലീസ് തടഞ്ഞു. രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപിമാരെ കസ്റ്റഡിയില്‍ എടുക്കുന്നതായും പൊലീസ് പറഞ്ഞു. എംപിമാരുടെ മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടിയില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഭിന്നത അതിരൂക്ഷമായി മുന്നേറുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മളനം ഏപ്രില്‍ ആറു വരെ നീളാനുള്ള സാധ്യതകള്‍ മങ്ങി. സര്‍ക്കാരിനെതിരെ യോജിച്ചു നീങ്ങാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വൈരനിര്യാതന നിലപാടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷ കക്ഷികള്‍ ആലോചിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Inter­nal and exter­nal oppo­si­tion protests

You may also like this video

Exit mobile version