Site iconSite icon Janayugom Online

എല്ലാ സിനിമാ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷൻ

എല്ലാ സിനിമാ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കേരള വനിതാ കമ്മീഷൻ കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ. പോഷ് നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എല്ലാ യൂണിറ്റിലും പ്രസ്തുത കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

എന്നിട്ടും പല യൂണിറ്റുകളിലും ഇത് രൂപീകരിച്ചിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ കമ്മിഷൻ ശക്തമായി ഇടപെടുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾക്ക് ചൂഷണവും അതിക്രമവും നേരിടേണ്ടിവരുന്നു. ഇതിനു കാരണം സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാടാണ്. ഐപിസി 498 എ പ്രകാരം സ്ത്രീകൾക്ക് രാജ്യത്ത് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. അത് ഉണ്ടാകാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമം കൊണ്ടുവന്നു. 2012ൽ ഡൽഹിയിൽ ഉണ്ടായ ക്രൂര പീഡന കേസിനു ശേഷമാണ് ജസ്റ്റിസ് വർമ്മ കമ്മീഷൻ വന്നതും എല്ലാ വശങ്ങളും പഠിച്ചു പോഷ് നിയമം തയ്യാറാക്കിയത്. 10 വർഷം കഴിഞ്ഞിട്ടും ഈ നിയമം പൂർണതോതിൽ നടപ്പിലാക്കാനായിട്ടില്ല എന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി. 

Exit mobile version